ഫൈബർ, ആന്റി ഓക്സിഡന്റ്സ്, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പുഷ്ടമാണ് ഈ കുഞ്ഞൻ സീഡുകൾ. സ്മൂത്തികളിലും യോഗർട്ടിലും ചേർത്ത് പ്രഭാത ഭക്ഷണത്തിനൊപ്പമാണ് പലരും ചിയ സീഡ് കഴിക്കാറുള്ളത്. എന്നാൽ പ്രഭാതത്തിൽ കഴിക്കുന്നതിന് പകരം രാത്രിയിൽ ചിയ സീഡ് വാട്ടർ കഴിക്കുന്നത് കുറേക്കൂടി ഗുണകരമാണ്.
ദഹനം മെച്ചപ്പെടുത്തും
ദഹനം, ഹൈഡ്രേഷൻ എന്നിവയുൾപ്പെടെ ശരീരം മെച്ചപ്പെടുന്നതിനായി രാത്രിയിൽ ചിയ സീഡ് ചേർത്ത വെള്ളം കുടിക്കുന്നത് സഹായിക്കും. നേരത്തേ പറഞ്ഞതുപോലെ ഫൈബർ സമ്പുഷ്ടമാണ് ചിയ സീഡ്. ഇത് വെള്ളത്തിൽ കുതിരുന്നതോടെ ജെൽ രൂപത്തിലേക്ക് മാറും. രാത്രിയിൽ ഇത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും കുടൽ ആരോഗ്യത്തോടെയിരിക്കുന്നതിനും ബവൽ മൂവ്മെന്റുകൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. മലബന്ധം തടയുകയും വയർവീർക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും. രാവിലെ ഉറക്കമുണരുമ്പോൾ വയറിനകത്തുള്ള വീർപ്പുമുട്ടലോടെ ഉണരേണ്ടി വരില്ല.
ഭാരം കുറയ്ക്കാം
ഭാരം കുറയ്ക്കാനും ചിയ സീഡ് പ്രധാന മാർഗമാണ്.കിടക്കുന്നതിന് മുൻപ് ചിയ സീഡ് ചേർത്ത വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ അർധരാത്രിയിലുള്ള വിശപ്പെല്ലാം ഒഴിവാക്കുന്നതിന് ഇത് സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതും തടയും. രക്തത്തിലെ പഞ്ചാസാരയുടെ അളവ് ക്രമീകരിക്കുന്നതിന് സഹായിക്കുന്നതിനൊപ്പം ശരീരഭാരം കാത്തുസൂക്ഷിക്കുന്നതിന് സഹായിക്കും.
ഉറക്കം പ്രദാനം ചെയ്യും
ചിയ സീഡിൽ ട്രിപ്റ്റോഫൻ അടങ്ങിയിരിക്കുന്നു. ഒരുതരം അമിനോ ആസിഡാണ് ഇത്. സെറോടോണിൻ, മെലാടോണിൻ എന്നിവ ഉല്പാദിപ്പിക്കാൻ ഇത് ശരീരത്തെ സഹായിക്കുന്നു. ഇവ രണ്ടും നല്ല ഉറക്കം പ്രദാനം ചെയ്യുന്നതാണ്. ഉറക്കക്കുറവ് അനുഭവിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ഉറങ്ങും മുൻപ് ചിയ സീഡ് ചേർത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും മികച്ച ഉറക്കം പ്രദാനം ചെയ്യാനും സഹായിക്കും.