കൊല്ലം: ഉറങ്ങിക്കിടന്ന ഭർത്താവിനെ പ്ലാസ്റ്റിക് കയർ കഴുത്തിൽ ചുറ്റിവലിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി വെറുതേ വിട്ടു. ഭർത്താവ് ഷാജിയെ (40) കൊന്ന കേസിൽ പേരയം പടപ്പക്കര എൻ.എസ്. നഗർ ആശവിലാസത്തിൽ ആശയെയാണ് (44) കോടതി വെറുതേ വിട്ടത്. ജഡ്ജി റീനാദാസിന്റേതാണ് ഉത്തരവ്.
കുമ്പളം സ്വദേശിയായ ഷാജി, ആശയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മത്സ്യക്കച്ചവടക്കാരനായ ഷാജി മദ്യപിച്ച് ആശയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു. 2017 ജനുവരി 24-ന് ജോലികഴിഞ്ഞു വീട്ടിലെത്തിയ ഷാജി കട്ടിലിൽ കിടന്നുറങ്ങുമ്പോൾ വൈകീട്ട് ഏഴുമണിയോടെ ആശ ഭർത്താവിനെ പ്ലാസ്റ്റിക് കയർ കഴുത്തിൽമുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
തുടർന്ന് ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാനായി കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന് കരുതി പിറ്റേന്ന് സംസ്‌കാരം നടത്തുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തിയെന്നായിരുന്നു പോലീസ് കേസ്. കുണ്ടറ പോലീസാണ് അന്വേഷണം നടത്തിയത്.
17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകളും 15 തെളിവുകളും പ്രോസിക്യൂഷൻ ഭാഗത്ത് ഹാജരാക്കുകയും ചെയ്‌തെങ്കിലും സംശയാതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയെ കോടതി വെറുതേ വിട്ടത്. അഭിഭാഷകരായ പി.എ. പ്രിജി, എസ്. സുനിമോൾ, വി.എൽ. ബോബിൻ, സിനു എസ്. മുരളി, എസ്. അക്ഷര എന്നിവർ പ്രതിക്കുവേണ്ടി ഹാജരായി.