ഇടുക്കിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ മർദിച്ചു; തടയാനെത്തിയ അച്ഛനെ വെട്ടി

11:55 AM Aug 17, 2025 | Kavya Ramachandran

രാജാക്കാട് : മദ്യലഹരിയില്‍ അമ്മയെ മകന്‍  മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. രാജാക്കാട് ആത്മാവ് സിറ്റി വെട്ടികുളം വീട്ടില്‍ സുധീഷ് (35) ആണ് മാതാപിതാക്കളെ ഉപദ്രവിച്ചത്. സുധീഷിന്റെ വെട്ടേറ്റ അച്ഛന്‍ മധു (57) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ സുധീഷ് ആദ്യം അമ്മയെ മര്‍ദിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ മധുവിനെയും മര്‍ദിച്ചു. തുടര്‍ന്ന് കത്തികൊണ്ട് വെട്ടുകയുമായിരുന്നു. അവശനായിവീണ മധുവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തിലുള്ള മധു അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സുധീഷിനെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റുചെയ്തു.