തമിഴിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻറെ ഏറ്റവും പുതിയ ചിത്രം 'ഡ്യൂഡ്' കേരളത്തിൽ വിതരണത്തിനെത്തിച്ച് ഇ ഫോർ എൻറർടെയ്ൻമെൻറ്സ്. പ്രദീപിൻറെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ 'ലവ് ടുഡേ', 'ഡ്രാഗൺ' തുടങ്ങിയവയും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എൻറർടെയ്ൻമെൻറ്സ് തന്നെയായിരുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് 'ഡ്യൂഡ്' വേൾഡ് വൈഡ് റിലീസിനെത്തുന്നത്.
യുവാക്കൾക്കിടയിൽ വലിയ രീതിയിൽ ഫാൻ ഫോളോയിങ് ഉള്ള താരമാണ് പ്രദീപ് രംഗനാഥനെന്നും മലയാളത്തിലെ യൂത്ത് സെൻസേഷൻ മമിത ബൈജുവും ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നതും സായ് അഭ്യങ്കറിൻറെ പാട്ടുകളുമൊക്കെ ഡ്യൂഡിനെ ഈ ദീപാവലി സീസണിലെ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാക്കിയിരിക്കുകയാണെന്നും ഇ ഫോർ എൻറടെയ്ൻമെൻറ്സ് സാരഥി മുകേഷ് ആർ. മെഹ്ത പറയുന്നു. മികച്ച ഉള്ളടക്കമുള്ള സിനിമകളൊരുക്കുന്ന മൈത്രി മൂവി മേക്കേഴ്സിലും വലിയ വിശ്വാസമാണെുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയാകും 'ഡ്യൂഡ്' എന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഡ്യൂഡ്'. രസകരമായൊരു വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്.
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്ന പ്രദീപ് രംഗനാഥൻ മാജിക് 'ഡ്യൂഡി'ലും പ്രതീക്ഷിക്കാമെന്നാണ് ഏവരും കാത്തിരിക്കുന്നത്. ചിത്രത്തിലേതായി ആദ്യമെത്തിയ 'ഊരും ബ്ലഡ്' യൂട്യൂബിൽ ഇതുവരെ നാല് കോടിയിലേറെ ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. 'നല്ലാരു പോ' 41 ലക്ഷവും 'സിങ്കാരി' 87 ലക്ഷവും വ്യൂസ് നേടികഴിഞ്ഞിട്ടുണ്ട്. ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിർവഹിച്ച 'കോമാലി'യും 'ലൗവ് ടുഡേ'യും വലിയ വിജയമായിരുന്നു. നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗൺ' സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'ഡ്യൂഡ്' റിലീസിനായി ഏവരും അക്ഷമയോടെ കാത്തിരിക്കുകയാണ്.