'ലോക'യ്ക്കുവേണ്ടി ദുൽഖർ സൽമാന്റെ തമിഴ് ചിത്രത്തിന്റെ റിലീസ് നീട്ടി

06:45 PM Sep 11, 2025 | Kavya Ramachandran

ദുൽഖർ സൽമാൻ നായകനായെത്തുന്ന തമിഴ് ചിത്രം 'കാന്ത'യുടെ റിലീസ് നീട്ടി.  വേയ്‌ഫെറർ ഫിലിംസ് നിർമിച്ച കല്യാണി പ്രിയദർശൻ ചിത്രം 'ലോക്: ചാപ്റ്റർ വൺ- ചന്ദ്ര'യുടെ ബോക്‌സ് ഓഫീസ് കുതിപ്പ് തുടരാനുള്ള സാഹചര്യം നിലനിർത്താൻ വേണ്ടിയാണ് റിലീസ് നീട്ടുന്നതെന്ന് സംവിധായകൻ സെൽവമണി ശെൽവരാജ്, നായകനും നിർമാതാവുമായ ദുൽഖർ സൽമാൻ, നിർമാണത്തിൽ പങ്കാളിയായ റാണ ദഗ്ഗുബാട്ടി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പുതിയ തീയതി പിന്നീട് പുറത്തുവിടും.


'ടീസർ പുറത്തിറങ്ങിയതുമുതൽ നിങ്ങൾ കാണിക്കുന്ന സ്‌നേഹം ഞങ്ങളെ സ്പർശിച്ചു. കൂടുതൽ മികച്ചത് നൽകാൻ അത് ഞങ്ങളെ പ്രേരിപ്പിക്കുന്നു. 'ലോക'യുടെ വിജയത്തോടെ ബോക്‌സ് ഓഫീസിൽ 'ചന്ദ്ര'യുടെ കുതിപ്പ് തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. മറ്റൊരു അവിശ്വസീയമായ സിനിമാറ്റിക് അനുഭവത്തിലേക്ക് നിങ്ങളെ കൊണ്ടുപോവാൻ ഞങ്ങൾ ഒരുങ്ങുകയാണ്. അതിനാൽ ഞങ്ങൾ 'കാന്ത'യുടെ റിലീസ് നീട്ടിവച്ചു. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ഞങ്ങളോടൊപ്പം തുടരുന്നതിന് നന്ദി. തീയേറ്ററുകളിൽ നിങ്ങളെ കാണാൻ കാത്തിരിക്കുന്നു', ടീം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേയ്‌ഫെറർ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബാട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്.

വേയ്‌ഫെറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും