പെരുംജീരകം വലിയവൻ; ഇങ്ങനെ കഴിച്ചോളൂ

01:30 PM Oct 31, 2025 | Kavya Ramachandran

അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളിൽ ഒന്നാണ് ജീരകം. വെള്ളത്തിൽ ചെറിയ ജീരകമിട്ട് തിളപ്പിച്ചു കുടിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ പെരുംജീരകത്തെ കറികൾക്ക് രുചി നൽകുന്നതിനും ബിരിയാണിക്ക് രുചി നൽകുന്നതിനുമൊക്കെയാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. എന്നാൽ ഭക്ഷണം സ്വാദിഷ്ടമാക്കാൻ മാത്രമല്ല, പെരുംജീരകത്തിന് വേറെയുമുണ്ട് ഗുണങ്ങൾ. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ധാരാളം നാരുകൾ അടങ്ങിയ ഭക്ഷ്യവസ്തുവാണ് പെരുംജീരകം. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. നെഞ്ചെരിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും ഇത് ഏറെ ഗുണം ചെയ്യും. പെരുംജീരകം എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം..?

പെരുംജീരകച്ചായ

ദഹനം മെച്ചപ്പെടുത്തുന്നതിന് തെരഞ്ഞെടുക്കാവുന്ന ഉത്തമ വഴിയാണ് പെരുംജീരകച്ചായ. വെള്ളം തിളപ്പിച്ച ശേഷം ചായപ്പൊടിയും പെരുംജീരക പൊടിയും ആവശ്യത്തിന് ചേർക്കുക. ഇത് തണുത്ത ശേഷം അൽപം തേൻ ഒഴിച്ച് കുടിക്കാവുന്നതാണ്. ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് ഇത് കുടിക്കാം. ഉറക്കം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.

പെരുംജീരകവും തേനും

പെരുംജീരകവും, തേനും ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ വസ്തുക്കളാണ്. രണ്ട് ടീസ്പൂൺ തേനിലേക്ക് 1 ടീസ്പൂൺ പെരുംജീരക പൊടി ചേർത്ത് കുഴമ്പ് രൂപത്തിലാക്കി കഴിക്കാം. ഭക്ഷണം കഴിച്ചതിന് ശേഷം ഈ മിശ്രിതം കഴിക്കാൻ ശ്രദ്ധിക്കുക.

പെരുംജീരകം ചവയ്‌ക്കാം

മറ്റ് ഭക്ഷണങ്ങൾക്കൊപ്പം ചേർക്കാതെ പെരുംജീരകം വെറുതെ ചവച്ചരയ്‌ക്കുന്നതും ശരീരത്തിന് നല്ലതാണ്. ഭക്ഷണം കഴിച്ചതിന് ശേഷം 1 ടീസ്പൂൺ പെരുംജീരകം ചവച്ചരച്ച് കഴിക്കുക. ഇത് വായയുടെ ദുർഗന്ധം അകറ്റുന്നതിന് പുറമെ ഉമിനീർ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.