പ്രമേഹരോഗികളും പ്രമേഹസാധ്യതയുള്ളവരും ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഉപദേശങ്ങളില്‍ ഒന്നാണ് ''അരി കഴിക്കരുത്, അരി പ്രമേഹം വരുത്തും'' എന്നത്. പക്ഷേ, ഇത് പൂര്‍ണമായും തെറ്റാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
ഡല്‍ഹി എയിംസിലെ എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ. നിഖില്‍ ടണ്ടന്‍ പറയുന്നത് അരി മാത്രം കഴിച്ചിട്ട് ആര്‍ക്കും പ്രമേഹം വരില്ലെന്നാണ്. പ്രമേഹം ഒരൊറ്റ ഭക്ഷണം കഴിക്കുന്നതുകൊണ്ടല്ല, മൊത്തത്തിലുള്ള ജീവിതശൈലിയും ജനിതക ഘടകങ്ങളും ചേര്‍ന്നാണ് ഉണ്ടാകുന്നത്.
അമിതവണ്ണം (പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ്), ശാരീരിക വ്യായാമം കുറവ്, ജങ്ക് ഫുഡ്, പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം, കുടുംബത്തിലെ പ്രമേഹം, സമ്മര്‍ദ്ദം, ഉറക്കക്കുറവ് എന്നിവയെല്ലാമാണ് പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളാകുന്നത്.
വെള്ള അരിയില്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടുതലായതുകൊണ്ടാണ് അരിയെ കുറ്റപ്പെടുത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ ഉയര്‍ത്തും. പക്ഷേ, ഇതുകൊണ്ട് മാത്രം പ്രമേഹം വരില്ല. നാരുകള്‍ കുറഞ്ഞ ഭക്ഷണം മാത്രം കഴിക്കുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.
ചുവന്ന അരി, കറുത്ത അരി, മട്ട അരി തുടങ്ങിയ പരമ്പരാഗത നെല്ലിനങ്ങള്‍ ഭക്ഷണത്തിനായി തിരഞ്ഞെടുക്കാം. അരി കഴിക്കുമ്പോള്‍ പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍, മത്സ്യം/മാംസം എന്നിവ ചേര്‍ത്ത് സമുചിതമായി കഴിക്കുക. ദിവസവും 30-45 മിനിറ്റ് വ്യായാമം ചെയ്യുക.
ചെന്നൈയിലെ പ്രമുഖ ഡയബറ്റോളജിസ്റ്റ് ഡോ. വി. മോഹന്‍ പറയുന്നത് തെക്കേ ഇന്ത്യയില്‍ അരി പ്രധാന ഭക്ഷണമായിട്ടും പ്രമേഹ നിരക്ക് കുറവായിരുന്നു എന്നാണ്. കാരണം അന്ന് ആളുകള്‍ കൂടുതല്‍ നടന്നു, ശാരീരിക അധ്വാനം ചെയ്തു, പച്ചക്കറിയും നാരുകളും അടങ്ങിയ ഭക്ഷണവും കഴിച്ചു. ഇന്നത്തെ പ്രശ്‌നം അരിയല്ല, മൊത്തത്തിലുള്ള ജീവിതരീതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അരിയെ ''വില്ലന്‍'' ആക്കി ഒഴിവാക്കേണ്ടതില്ല. നിയന്ത്രിത അളവില്‍, ആരോഗ്യകരമായ രീതിയില്‍, മറ്റ് പോഷകാഹാരങ്ങളോടൊപ്പം കഴിക്കുന്ന അരി പ്രമേഹത്തിന് കാരണമാകില്ല. നിങ്ങളുടെ പ്ലേറ്റിന്റെ 25% മാത്രം അരിയാക്കി, ബാക്കി പച്ചക്കറിയും പ്രോട്ടീനും നിറയ്ക്കൂക. അതോടൊപ്പം നടക്കൂക, വ്യായാമം ചെയ്യുക, പ്രമേഹം നിയന്ത്രണാതീതമാകില്ല.