ഓൺലൈൻ വാതുവെപ്പ്:ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ് അയച്ച് ഇഡി

02:34 PM Jul 19, 2025 | Renjini kannur

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളിൽ ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജൂലൈ 21-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയുൾപ്പെടെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്ന വാതുവെപ്പ് ആപ്ലിക്കേഷനുകളുടെ പ്രചാരണത്തിന് ഗൂഗിളും മെറ്റയും സൗകര്യം ഒരുക്കി നൽകിയെന്നാണ് ഇഡിയുടെ ആരോപണം.

മെറ്റയും ​ഗൂ​ഗിളും പ്രാധാന്യമുള്ള പരസ്യ സ്ലോട്ടുകൾ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോപണ വിധേയരായിരിക്കുന്ന ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചിട്ടുള്ള വെബ്‌സൈറ്റുകൾക്ക് അതത് പ്ലാറ്റ്‌ഫോമുകളിൽ ദൃശ്യപരത നേടാൻ അനുവദിച്ചതായും അത് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വ്യാപനത്തിന് കാരണമായതായും ഇഡി ആരോപിക്കുന്നു.

കഴിഞ്ഞ ആഴ്ചകളിൽ ഇഡി സ്വീകരിച്ച നിരവധി നടപടികളുടെ തുടർച്ചയാണ് പുതിയ സംഭവവികാസം എന്നാണ് റിപ്പോർട്ട്. വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകളെന്ന നിലയിൽ നിമയമവിരുദ്ധ വാതുവെപ്പ് നടത്തുന്ന ഓൺലൈൻ വാതുവെപ്പ് ആപ്പുകളുടെ ഒരു വലിയ ശൃംഖലയെക്കുറിച്ച് ഇഡി അന്വേഷണം തുടരുകയാണ്. ഈ പ്ലാറ്റ്‌ഫോമുകൾ കോടിക്കണക്കിന് രൂപ നിയമവിരുദ്ധമായി സമ്പാദിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ വിലിയിരുത്തൽ. നിയമവിരുദ്ധ സമ്പാദ്യം അന്വേഷിച്ച് കണ്ടെത്തുന്നത് ഒഴിവാക്കാൻ ഇത് നിയമവിരുദ്ധമായ ഹവാല ചാനലുകളിലൂടെ വഴിതിരിച്ച് വിടുന്നുവെന്നും അന്വേഷണ ഏജൻസിയുടെ കണ്ടെത്തലുണ്ട്.

നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിന് പ്രമുഖ നടന്മാർ, ടെലിവിഷൻ അവതാരകർ, സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർ എന്നിവരുൾപ്പെടെ 29 വ്യക്തികൾക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട തുടങ്ങിയ സെലിബ്രിറ്റികൾ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടിൽ (ഇസിഐആർ) പേരുള്ളവരിൽ ഉൾപ്പെടുന്നു.