
കൊച്ചി: കേസ് ഒതുക്കാന്‍, കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവില്‍നിന്ന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ നാണക്കേടിലായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
വിജിലന്‍സ് അന്വേഷണം കടുത്തതോടെ കൂടുതല്‍ പേര് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. ആദ്യം കേസെടുക്കുകയും പിന്നാലെ ഏജന്റുമാര്‍ മുഖേന കോടികളുടെ കൈക്കൂലി വാങ്ങുകയുമാണ് ഉദ്യോഗസ്ഥരുടെ പതിവ്. ഇഡിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ കൈക്കൂലിയില്‍ പങ്കാളികളാണെന്നാണ് കണ്ടെത്തല്‍.
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് പുറമെ കൊച്ചി ഇഡി ഓഫീസിലെ മറ്റ് ഉന്നതോദ്യോഗസ്ഥര്‍ക്കും ഇപ്പോഴത്തെ സംഭവത്തില്‍ പങ്കുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചു. കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ശേഖര്‍ കുമാര്‍.
കശുവണ്ടി വ്യവസായ മേഖലയിലുള്ള മറ്റു ചിലരും പ്രവാസി മലയാളികളുമാണ് ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സിന് പരാതി നല്‍കിയത്. പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നു. ഇഡിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
വിജിലന്‍സ് സംഘം അറസ്റ്റുചെയ്തവരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ ഇഡി ഓഫീസിലെ മറ്റ് ഉന്നതരുടെകൂടി അഴിമതിയിടപാട് വ്യക്തമാക്കുന്നതാണ്. ഇതുസംബന്ധിച്ച പരിശോധന പൂര്‍ത്തിയായശേഷം ഒന്നാംപ്രതി ശേഖര്‍കുമാറിനെ ഉള്‍പ്പെടെ വിജിലന്‍സ് ചോദ്യംചെയ്യും. ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ശേഖര്‍ കുമാറിന് ഉടന്‍ നോട്ടീസ് നല്‍കും.
ഇഡിയുടെ ഏജന്റുമാരായ വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന് സ്വദേശി മുരളി മുകേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യര്‍ എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.
2 കോടി രൂപ കൈക്കൂലി നല്കിയാല് കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കാമെന്നാണ് ഇവര്‍ പരാതിക്കാരനായ കൊട്ടാരക്കര സ്വദേശി അനീഷ്ബാബുവിനോട് പറഞ്ഞത്. കേസ് ഒത്തുതീര്‍പ്പാക്കി രേഖ തരുന്നത് ഡല്‍ഹിയില്‍നിന്ന് ഇഡി ഡയറക്ടറാണെന്ന് ഏജന്റുമാര്‍ ഉറപ്പു നല്കി. ഇഡി ഓഫീസിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങളുണ്ടാകുമെന്നും പരിശോധിക്കണമെന്നും അനീഷ് ബാബു വ്യക്തമാക്കി.
ടാന്‍സാനിയയിലെ ദാര്‍ എസ് സലാമില്‍ അനീഷ് ബാബു മാനേജിങ് ഡയറക്ടറായി സതേണ്‍ ട്രേഡ് ലിമിറ്റഡ് എന്ന കശുവണ്ടി വ്യവസായ കമ്പനിയുണ്ട്. ഈ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ ആവശ്യപ്പെട്ടതെന്ന് അനീഷ് പറഞ്ഞു. എട്ടുവര്‍ഷമായി താന്‍ ടാന്‍സാനിയയിലേക്ക് പോയിട്ടില്ല. ആ രേഖകള്‍ ഹാജരാക്കണമെങ്കില്‍ അവിടെ പോയി എടുക്കണമെന്നും അല്ലെങ്കില്‍ എംബസി വഴി ഇഡിക്ക് അത് നേടിയെടുക്കാമെന്നും താന്‍ മറുപടി നല്കി. ഇതിനായി മൂന്നുതവണ ഇഡി ഓഫീസില്‍ ഹാജരായെന്ന് അനീഷ് ബാബു പറഞ്ഞു. ഒടുവില്‍ ഹാജരായപ്പോള്‍ 14 ദിവസത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കണം ഇല്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞു.
പിടിക്കപ്പെടാതിരിക്കാന്‍ എല്ലാ പഴുതുകളും അടച്ചാണ് ഇഡിയുടെ കൈക്കൂലി വാങ്ങല്‍. കാര്യങ്ങളെല്ലാം ഏജന്റുമാരെ ഏല്‍പ്പിക്കും. അവരാണ് വിലപേശുന്നതും ഉറപ്പിക്കുന്നതും. രാജ്യത്തെ പ്രതിപക്ഷത്തെ ഒതുക്കാന്‍ ഇഡിയെ ഉപയോഗിക്കുന്നുണ്ടെന്ന വ്യാപകമായ പരാതി നേരത്തെ ഉയര്‍ന്നിട്ടുണ്ട്. ഉന്നതമായ ഒരു കേന്ദ്ര ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിലാണ് ഇഡിയുടെ ഇടപെടലുകളെന്ന് കോടതിയും വിമര്‍ശിച്ചിരുന്നു.