ഇ.ഡി റെയ്ഡിൽ കോൺഗ്രസ് എം.എൽ.എയുടെ വസതിയിൽ നിന്ന് 1.41 കോടിയും 6.75 കിലോ സ്വർണവും പിടികൂടി

03:40 PM Aug 17, 2025 | Neha Nair

ബംഗളൂരു: ഈ മാസം 13, 14 തീയതികളിൽ കാർവാർ, ഗോവ, മുംബൈ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയ്‌ലിന്റെയും കുടുംബത്തിന്റെയും വസതിയിൽനിന്നും ബാങ്ക് ലോക്കറുകളിൽനിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 1.41 കോടി രൂപയും 6.75 കിലോഗ്രാം സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.

ശ്രീ മല്ലികാർജുൻ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ നിയമവിരുദ്ധ ഇരുമ്പയിര് കയറ്റുമതിക്ക് ബംഗളൂരുവിലെ എം.പിമാർക്കും എം.എൽ.എമാർക്കും വേണ്ടിയുള്ള പ്രത്യേക കോടതി സെയിലിനെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നതായി ഇ.ഡി പ്രസ്താവനയിൽ പറഞ്ഞു.

2010 ഏപ്രിൽ 19നും 2010 ജൂൺ 10നും ഇടയിൽ സെയിൽ മറ്റു കമ്പനികളുമായും ബെലെകേരി തുറമുഖ ഉദ്യോഗസ്ഥരുമായും ഒത്തുചേർന്ന് ഏകദേശം 1.25 ലക്ഷം മെട്രിക് ടൺ ഇരുമ്പയിര് നിയമവിരുദ്ധമായി കയറ്റുമതി ചെയ്തതായി ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഏജൻസി അറിയിച്ചു. സെയിലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി നടത്തിയ അനധികൃത കയറ്റുമതിയുടെ ആകെ മൂല്യം 86.78 കോടി രൂപയാണെന്ന് ഇ.ഡി പറഞ്ഞു.

1.14 കോടി രൂപ പണത്തിനും 6.75 കിലോ സ്വർണത്തിനും പുറമെ 14.13 കോടി രൂപയുടെ നിക്ഷേപമുള്ള ആരോപണവിധേയരായ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുമുണ്ട്. അതേസമയം, സതീഷ് സെയിലിനെതിരായ ഇ.ഡി റെയ്ഡുകൾക്ക് പിന്നിൽ പ്രതികാര രാഷ്ട്രീയമാണെന്ന് മന്ത്രി മങ്കൽ വൈദ്യ പ്രതികരിച്ചു. അസുഖബാധിതനായ സെയിൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അതിനാൽ, ഇ.ഡി റെയ്ഡുകൾക്കിടയിൽ അദ്ദേഹത്തിന് വീട് സന്ദർശിക്കാൻ കഴിഞ്ഞില്ല.