+

ബെറ്റിങ് ആപ്പ് പ്രമോഷൻ ; നടൻമാരായ പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി എന്നിവർക്ക് ഇ.ഡി സമൻസ്

അനധികൃത വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ചു എന്നിവർക്ക് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (

അനധികൃത വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ചു എന്നിവർക്ക് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ്. റാണ ദഗ്ഗുബതിയെ ജൂലൈ 23ന് ചോദ്യം ചെയ്യാനും പ്രകാശ് രാജിനെ ജൂലൈ 30ന് ചോദ്യം ചെയ്യാനും വിജയ് ദേവരകൊണ്ടയെ ആഗസ്റ്റ് ആറിന് ചോദ്യം ചെയ്യാനും ലക്ഷ്മി മഞ്ചുവിനെ ആഗസ്റ്റ് 13ന് ചോദ്യം ചെയ്യാനുമാണ് തീരുമാനം.

ഹൈദരാബാദ് പൊലീസ് സമർപ്പിച്ച എഫ്‌.ഐ.ആറിന്റെ അടിസ്ഥാനത്തിൽ, കേസിൽ 29 സെലിബ്രിറ്റികൾക്കെതിരെ അന്വേഷണ ഏജൻസി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, ലക്ഷ്മി മഞ്ചു, പ്രകാശ് രാജ്, നിധി അഗർവാൾ, അനന്യ നാഗല്ല, ടെലിവിഷൻ അവതാരക ശ്രീമുഖി എന്നിവരും ഉൾപ്പെടുന്നു.

ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിലൂടെ വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോ എന്നും ഇ.ഡി അന്വേഷിക്കും. സിനിമാതാരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ്, ലോക്കൽ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ നിലവിൽ ഇ.ഡി അന്വേഷണങ്ങൾ നടത്തിവരികയാണ്.

2016ൽ ജംഗിൾ റമ്മിയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് നടൻ പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ കരാർ അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനുശേഷം റമ്മിയുമായി ബന്ധപ്പെട്ട ഒരു പ്ലാറ്റ്‌ഫോമിനെയും പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. റാണ ദഗ്ഗുബതിയും തന്റെ ലീഗൽ ടീം വഴി പ്രസ്താവന പുറത്തിറക്കിയിരുന്നു. സ്കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017ൽ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സ്കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് വിജയ് ദേവരകൊണ്ടയെന്ന് നടന്റെ ലീഗൽ ടീം പ്രസ് റിലീസിലൂടെ പ്രതികരിച്ചു. സ്‌കിൽ ബേസ്ഡ് ഗെയിം എന്ന നിലയിൽ റമ്മിയെ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചിരുന്നു.

 

facebook twitter