ന്യഡൽഹി: ഇ.ഡിയുടെ മൗലികാവശങ്ങളെകുറിച്ച് മാത്രമല്ല ജനങ്ങളുടെ മൗലികാവകാശങ്ങളെക്കുറിച്ചും ഓർക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി. നാഗരിക് അപൂർണ്ണി നിഗം (NAN) അഴിമതിക്കേസ് ഛത്തീസ്ഗഡിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ താക്കീത്.
വ്യക്തികൾക്കായി ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഒരു റിട്ട് ഹർജി ഫയൽ ചെയ്യുന്നതെങ്ങനെയാണെന്ന് ജസ്റ്റിസ്മാരായ അഭയ് എസ് ഓഖ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഏജൻസിയോട് ചോദ്യമെയ്തു. ഭരണഘടനയുടെ ആർട്ടിക്കിൾ 32 ‘ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം’ ഉറപ്പുനൽകുന്നു. വ്യക്തികൾക്ക് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനങ്ങൾക്ക് സുപ്രീംകോടതിയിൽ നിന്ന് പരിഹാരം തേടാൻ അധികാരം നൽകുന്നു. ഈ അവകാശങ്ങൾ നടപ്പിലാക്കുന്നതിനായി നേരിട്ട് കോടതിയെ സമീപിക്കാൻ അവരെ അനുവദിക്കുന്നു.
ബെഞ്ചിന്റെ പരാമർശങ്ങളെ തുടർന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഹരജി പിൻവലിക്കാൻ അനുമതി തേടിക്കൊണ്ട് ഇ.ഡിക്കും മൗലികാവകാശങ്ങളുണ്ട് എന്ന് പറഞ്ഞു. എന്നാൽ, ഇ.ഡിക്ക് മൗലികാവകാശങ്ങളുണ്ടെങ്കിൽ ഇ.ഡി ജനങ്ങളുടെ മൗലികാവകാശങ്ങളെക്കുറിച്ചും ചിന്തിക്കണമെന്ന് ബെഞ്ച് തിരിച്ചടിച്ചു. തുടർന്ന് രാജുവിന്റെ ഹരജി പിൻവലിക്കാൻ കോടതി അനുവദിച്ചു.
ഛത്തീസ്ഗഢിലെ കേസിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അനിൽ ടുട്ടേജക്ക് നൽകിയ മുൻകൂർ ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് ഇ.ഡി കഴിഞ്ഞ വർഷം ആരോപിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ എൻ.എ.എൻ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ചില പ്രതികൾക്ക് ജുഡീഷ്യൽ ആശ്വാസം ഉറപ്പാക്കാൻ ഛത്തീസ്ഗഢിലെ ചില ഭരണഘടനാ ഉദ്യോഗസ്ഥർ ഒരു ഹൈകോടതി ജഡ്ജിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി അടുത്തിടെ ഒരു അവകാശവാദവും ഉന്നയിച്ചു.