കണ്ണൂർ : യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദിനെതിരായ വിദ്യാഭ്യാസ വകുപ്പിൻ്റെ പുതിയ അന്വേഷണം രാഷ്ട്രിയ പ്രേരിതമെന്ന് യൂത്ത് കോൺഗ്രസ്. നടപടിയെടുക്കാൻ മാത്രം അന്വേഷണ റിപ്പോർട്ടൊന്നും അധ്യാപകനെതിരെ ഇല്ലെന്നു സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചപ്പോഴാണ്, സംഭവം നടന്നു 3 വർഷമായപ്പോൾ വീണ്ടും അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ ചുമതലപ്പെടുത്തിയത്.
കടുത്ത നടപടി ലക്ഷ്യമിട്ടാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നു സ്‌കൂൾ മാനേജ്‌മെന്റിന് അയച്ച നോട്ടിസിൽ വ്യക്തമാണ്. വിദ്യാഭ്യാസ വകുപ്പ് ഫർസിൻ മജീദിനെ രാഷ്ട്രിയ പ്രേരിതമായി വേട്ടയാടുകയാണ് ചെയ്യുന്നത്. ഈ നീക്കത്തിൽ പ്രതിഷേധിക്കുമെന്നും ഫർസിൻ മജീദിനെതിരായ വിദ്യാഭ്യാസ വകുപ്പിൻ്റെ അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്നത് പ്രതിഷേധം മാത്രമാണെന്നിരിക്കെ സംഭവം നടന്ന് മൂന്ന് വർഷമായിട്ടും കേസിൻ്റെ കുറ്റപത്രം സമർപ്പിക്കുന്നത് ഉൾപ്പടെ പൊലീസിന് സാധിച്ചിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു.