മുംബൈ: തീർത്തും മലിനീകരണമില്ലാത്ത യാത്രാ മാർഗങ്ങൾ എന്ന കേരളത്തിൻ്റെ ലക്ഷ്യം കൈവരിക്കാനുള്ള നാഴികക്കല്ലായി മാറുന്ന നീക്കത്തിലൂടെ കെപിഐടി ടെക്നോളജീസ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) എന്നിവയുമായി സഹകരിച്ചുകൊണ്ട് മിറ്റ്സുയി & കമ്പനി ലിമിറ്റഡ് (ജപ്പാൻ), വിഡിഎൽ ഗ്രൂപ്പ് (നെതർലാൻഡ്‌സ്) എന്നിവയുടെ പിന്തുണയുള്ള മുൻനിര വൈദ്യുത സഞ്ചാര പരിഹാര ദാതാവായ ഇ.കെ.എ മൊബിലിറ്റി കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) അത്യാധുനിക 9 മീറ്റർ ഹൈഡ്രജൻ ഇന്ധന സെൽ ബസ് നിരത്തിലിറക്കി.
ഇന്ത്യയുടെ ക്ലീൻ മൊബിലിറ്റി ആവാസവ്യവസ്ഥയിലെ ഒരു പ്രധാന കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്ന കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഈ സംരംഭം ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ മുഖ്യധാരാ സ്വീകാര്യതയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
പ്രൂഫ് ഓഫ് കൺസെപ്റ്റ് (പിഒസി) പദ്ധതിയുടെ ഭാഗമായി മൂന്ന് വർഷത്തെ പ്രവർത്തന കാലവധിയുള്ള, 30+ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഹൈഡ്രജൻ ഇന്ധന സെൽ ബസ് സിയാലിൽ വിന്യസിക്കും. മാർച്ച് 12, 13 തീയതികളിൽ കൊച്ചിയിൽ നടന്ന ഗ്ലോബൽ ഹൈഡ്രജൻ & റിന്യൂവബിൾ എനർജി ഉച്ചകോടിയിൽ ബസ് പ്രദർശിപ്പിക്കുകയുണ്ടായി.
ഈ സഹകരണത്തിൻ്റെ ഭാഗമായി ഇകെഎ മൊബിലിറ്റി അതിൻ്റെ 9 മീറ്റർ വലിപ്പമുള്ള ഇലക്ട്രിക് ബസിൽ കെപിഐടി ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യ സംയോജിപ്പിക്കുകയും ബിപിസിഎൽ കൊച്ചിയിൽ ഹൈഡ്രജൻ ഉത്പാദനം, വിതരണം, ഇന്ധനം നിറയ്ക്കൽ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഒട്ടും തന്നെ മലിനീകരണം ഉണ്ടാക്കാത്ത, സുസ്ഥിര സഞ്ചാര മാർഗങ്ങൾ രാജ്യം സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനായി ഈ മൂന്ന് സ്ഥാപനങ്ങളും ചേർന്ന് തങ്ങളുടെ അതുല്യമായ കഴിവുകൾ ഉപയോഗപ്പെടുത്തുകയാണ് .
സമഗ്രമായ ഈ സമീപനം വാഹന വിന്യാസം മാത്രമല്ല ഹൈഡ്രജൻ സഞ്ചാരത്തിനുള്ള സമ്പൂർണ്ണ അടിസ്ഥാന സൌകര്യങ്ങളും ഉറപ്പാക്കുന്നു. ഇത് കേരളത്തെ ഹരിത ഹൈഡ്രജൻ സ്വീകരിക്കുന്ന ഒരു മാതൃകാ സംസ്ഥാനമായി മാറ്റുകയാണ്.
ഇകെഎ മൊബിലിറ്റിയുടെ സ്ഥാപകനും സിഇഒയുമായ ഡോ. സുധീർ മേത്ത പറഞ്ഞു, "സുസ്ഥിര നഗര ഗതാഗതത്തിനായുള്ള ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾക്ക് തുടക്കമിടുന്നതിൽ ഞങ്ങൾ ഇകെഎ മൊബിലിറ്റിയിൽ പ്രതിജ്ഞാബദ്ധരാണ്. കൊച്ചിയിൽ ഞങ്ങളുടെ ഹൈഡ്രജൻ ഇന്ധന സെൽ ബസ് അവതരിപ്പിക്കുന്നത് നവീകരണത്തിനും സുസ്ഥിര സഞ്ചാരത്തിനും വേണ്ടിയുള്ള ഞങ്ങളുടെ പ്രതിബദ്ധത എടുത്തുകാട്ടുന്നു. ശക്തമായ ഓഹരി സഖ്യങ്ങളും ബിപിസിഎൽ, കെപിഐടി എന്നിവയുമായുള്ള ഞങ്ങളുടെ സഹകരണവും ഉപയോഗിച്ച് ഹൈഡ്രജൻ-കരുത്തേകുന്ന പൊതുഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനം വേഗത്തിലാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു."
കെപിഐടിയുടെ സഹസ്ഥാപകനും എംഡിയും സിഇഒയുമായ കിഷോർ പാട്ടീൽ പറഞ്ഞു, "സഞ്ചാരത്തെ പുനർവിഭാവനം ചെയ്തുകൊണ്ട് സുസ്ഥിര പരിഹാരങ്ങൾ നിർമ്മിക്കുക എന്നത് കെപിഐടിയുടെ ദർശനത്തിൻ്റെ കാതലാണ്. ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയിലും മറ്റ് പരിസ്ഥിതി സൗഹൃദ പരിഹാരങ്ങളിലും ഞങ്ങൾ നിരന്തരം പ്രവർത്തിച്ചുവരികയാണ്. കേരളത്തിലെ വലിയ അടിസ്ഥാന സൗകര്യ പദ്ധതികളുടെ പൂർണ്ണമായ അഭിലാഷങ്ങൾക്ക് ഊർജം പകരുന്നതിനായി ഹൈഡ്രജൻ ഇന്ധന സെൽ കൊണ്ട് പ്രവർത്തിക്കുന്ന ബസുകൾ അടങ്ങുന്ന ഒരു ആവാസവ്യവസ്ഥക്കായി ഇകെഎ മൊബിലിറ്റിയുമായും ബിപിസിഎല്ലുമായും ഈ സഹകരണത്തിൽ സാങ്കേതിക പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്."
ഈ പദ്ധതി ഇന്ത്യയിൽ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുകയും, ഹരിത ഹൈഡ്രജൻ അടിസ്ഥാന സൗകര്യത്തിൽ നിക്ഷേപം വർദ്ധിപ്പിക്കുകയും, വിശാലമായ വിന്യാസത്തിനായി നയങ്ങൾ രൂപപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾ കൂടുതലാക്കുന്നതിലൂടെ സുസ്ഥിര സഞ്ചാരത്തിൽ കേരളത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുകയും അതിലൂടെ ഇന്ത്യയുടെ മലിനീകരണ മുക്ത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മുന്നേറുകയും ചെയ്യും.