+

മലപ്പുറത്തെ വയോധികയുടെ മരണം ജപ്തിയില്‍ മനംനൊന്തെന്ന് കുടുംബം

വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

പൊന്നാനി പാലപ്പെട്ടിയില്‍ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വീട്ടമ്മ മരിച്ചു. പൊന്നാനി പാലപ്പെട്ടി പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെയാണ് മാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലപ്പെട്ടി എസ്ബിഐ ബാങ്കാണ് വായ്പ തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച വീട് ജപ്തി ചെയ്തത്. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

മാമിയുടെ മകന്‍ അലിമോന്‍ 2020ലാണ് എസ്ബിഐയുടെ പാലപ്പെട്ടി ബ്രാഞ്ചില്‍ നിന്ന് സ്ഥലത്തിന്റെ ആധാരം ഈട് നല്‍കി 25 ലക്ഷം രൂപ വായ്പ എടുത്തത്. വായ്പയെടുത്ത മകന്‍ അലിമോനെ വിദേശത്ത് നിന്ന് കാണാതായിട്ട് നാലു വര്‍ഷമായി. മകനെ കാണതായതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ പലിശ കൂടി തിരിച്ചടയ്ക്കേണ്ട തുക 41 ലക്ഷം രൂപയായി. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്. വൈകിട്ട് പൊലീസിന്റെയും കോടതി ജീവനക്കാരുടെയും ഒപ്പമെത്തിയ ബാങ്ക് ജീവനക്കാര്‍ ജപ്തിയുടെ ഭാഗമായി മാമിയെ വീട്ടില്‍നിന്നിറക്കി മകന്റെ വീട്ടിലേക്കു മാറ്റുകയായിരുന്നു.

facebook twitter