വീട് നിര്‍മാണത്തിനായി വാങ്ങിയ ഇലക്ട്രിക്കല്‍-പ്ലംബിങ്ങ് സാധനങ്ങള്‍ മോഷ്ടിച്ച കേസ് :മധ്യവയസ്‌കന്‍ അറസ്റ്റില്‍

07:32 PM Feb 03, 2025 | AVANI MV

കോഴിക്കോട്: വീട് നിര്‍മാണത്തിനായി വാങ്ങിയ ഇലക്ട്രിക്കല്‍-പ്ലംബിങ്ങ് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാര്‍ ഡാം സ്വദേശി യൂസഫ് നിവാസില്‍ യൂസഫ് (ബെന്‍സ്-51) ആണ് കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായത്. കിണാശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് ഇയാള്‍ 40,000 രൂപ വില വരുന്ന സാധനങ്ങള്‍ മോഷ്ടിച്ചതെന്ന് പൊലീസ് വിശദമാക്കി.

ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ യൂസഫിനെതിരേ മോഷണം, പിടിച്ചുപറി, വധശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. നെയ്യാര്‍ ഡാം പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരേ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.