ബംഗളൂരു : കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കർണാടകയിലെ വനങ്ങളിൽ ചെരിഞ്ഞത് 380 ആനകളെന്ന് റിപ്പോർട്ട്. 64 എണ്ണം അസ്വാഭാവിക മരണങ്ങളായിരുന്നെന്നും ഇതിൽ വൈദ്യുതാഘാതമേറ്റ് മാത്രം 50 മരണം റിപ്പോർട്ട് ചെയ്തതായും വനംവകുപ്പിന്റെ കണക്കുകൾ പറയുന്നു. 2021 മുതൽ 2025 വരെയുള്ള കാലയളവിലെ കണക്കാണിത്. ഇന്ത്യയിൽതന്നെ ഏറ്റവും കൂടുതൽ ആനകൾ ജീവിക്കുന്ന സംസ്ഥാനംകൂടിയാണ് കർണാടക.
കുടക്, ചാമരാജ് നഗർ, മൈസൂരു ജില്ലകളെ ബന്ധിപ്പിച്ച് കിടക്കുന്നതാണ് കർണാടകയിലെ പ്രധാന ആനത്താരകൾ. ഈ മേഖലയിൽ മാത്രം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 311 ആനകളാണ് ചെരിഞ്ഞത്. ഇതിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ചാമരാജ് നഗറിലാണ്; 134. കുടകിൽ 126ഉം മൈസൂരുവിൽ 51ഉം ആനകൾ മരണത്തിന് കീഴടങ്ങി.
റിപ്പോർട്ട് ചെയ്തതിൽ കൂടുതലും സ്വാഭാവിക മരണങ്ങളാണ്. അതേസമയം, എട്ടിലൊന്ന് മരണവും മനുഷ്യ- മൃഗ സംഘർഷത്തിന്റെ ഭാഗമായാണെന്നും റിപ്പോർട്ടിൽ പറയുന്നു. വൈദ്യുതാഘാതമേറ്റ് ഏറ്റവും കൂടുതൽ ആനകൾ ചെരിഞ്ഞത് കുടകിലാണ്.
താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനിൽ തട്ടിയോ പൊട്ടിവീണ വൈദ്യുതി കേബിളിൽ തട്ടിയോ 30 ആനകളാണ് കുടകിൽ ചത്തത്. അഞ്ച് ആനകൾ വെടിയേറ്റും രണ്ടാനകൾ റോഡപകടത്തിലും അഞ്ചെണ്ണം മറ്റു കാരണങ്ങളാലും ചെരിഞ്ഞതായി കണക്കുകൾ പറയുന്നു.