ആലപ്പുഴ: കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രശംസിച്ച് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ടു പല്ലിന്റെ കേടടപ്പിക്കാന് ഇംഗ്ലണ്ടില്‍ നിന്ന് വിമാനം പിടിച്ച് ആളുകള്‍ കേരളത്തില്‍ വരുന്നുണ്ടെന്ന് മന്ത്രി. വിദേശ രാജ്യത്തെ ചികിത്സാ ചെലവ് നോക്കുകയാണെങ്കില്‍ വിമാന ടിക്കറ്റും പിന്നെ മിച്ചവും വരുമെന്നും കെ .എന്‍ ബാലഗോപാല്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ വെച്ച് പൂച്ച മാന്തിയ തന്റെ ഒരു സുഹൃത്തിന്റെ കുട്ടിയുമായി ആ കുടുംബം വാക്സിനെടുക്കാന്‍ കേരളത്തിലാണ് വന്നതെന്നും മന്ത്രി പറഞ്ഞു. എച്ച്. സലാം എംഎല്‍എയുടെ വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് പൊന്‍തിളക്കം പരിപാടി ആലപ്പുഴ മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദേശരാജ്യങ്ങളില്‍ ചികിത്സ ലഭിക്കണമെങ്കില്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് ഇപ്പോള്‍ ധാരാളം ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ നമ്മുടെ ആരോഗ്യരംഗം മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ രംഗത്തിനു പുറമേ വിദ്യാഭ്യാസ രംഗത്തെ കുറിച്ചും മന്ത്രി പറയുകയുണ്ടായി. കേരളത്തില്‍ അങ്ങോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിർമിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.സംസ്ഥാനം ഒരു വിദ്യാഭ്യാസ ഹബ്ബായി മാറിക്കഴിഞ്ഞു. കുട്ടികള്‍ക്കു ലോകത്ത് എവിടെ വേണമെങ്കിലും പോകാനുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നത്. പണ്ടുള്ളതിനേക്കാള്‍ കൂടുതല്‍ പഠന സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.