ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വർധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ദിവസവും ഒരു മാതളം വീതം കഴിച്ചാൽ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നറിയാം.
∙ ചെറുപ്പമാകും
മാതളത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ഓക്സീകരണ സമ്മർദ്ദത്തെ പ്രതിരോധിക്കും. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ, വരകൾ ഇവ കുറയ്ക്കാൻ സഹായിക്കും. ഇവ കൊളാജന്റെ ഉൽപ്പാദനത്തിനു സഹായിക്കുകയും. ചെറുപ്പം തോന്നുന്ന ചർമ്മം ലഭിക്കുകയും ചെയ്യും.
∙ ഓർമ്മ ശക്തി മെച്ചപ്പെടും
മാതളം പതിവായി കഴിക്കുന്നത് ഓർമ്മശക്തിയും ബൗദ്ധിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്തും. ആന്റിഓക്സിഡന്റുകൾ, തലച്ചോറിലെ കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കും. അൾഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
∙ ഫിറ്റ്നസ് നിലനിർത്തും
കാലറി വളരെ കുറഞ്ഞതും നാരുകൾ (fiber) ധാരാളം അടങ്ങിയതുമായ പഴമാണ് മാതളം. ഇത് ശരീരഭാരം നിയന്ത്രിച്ചു നിർത്തും. വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കാനും മാതളം കഴിക്കുന്നതിലൂടെ സാധിക്കും. മാതളത്തിന്റെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ കായിക താരങ്ങൾക്കും ഫിറ്റ്‌നെസ് ആഗ്രഹിക്കുന്നവർക്കും ഗുണം ചെയ്യും. പേശിവേദന കുറയ്ക്കാനും വർക്കൗട്ടിനുശേഷം വേഗം റിക്കവർ ചെയ്യാനും ഇത് സഹായിക്കും.
∙ ആരോഗ്യമുള്ള ഹൃദയം
മാതളത്തിൽ ശക്തിയേറിയ പോളിഫിനോളുകളും ആന്റിഓക്സിഡന്റുകളും ഉണ്ട്. പ്രത്യേകിച്ച് പ്യൂനികാലജിൻ. ഇത് ഇൻഫ്ലമേഷനും രക്തസമ്മർദ്ദവും കുറയ്ക്കും. മാതളത്തിന്റെ പതിവായ ഉപയോഗം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയധമനികളിൽ പ്ലേക്ക് അടിഞ്ഞുകൂടുന്നതിനെ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ഹൃദ്രോഗ സാധ്യതയും കുറയുന്നു.