മുത്തൂറ്റിനെതിരെ 6 വര്‍ഷം നീണ്ട നിയമയുദ്ധം നടത്തിയ തൊഴിലാളികള്‍ക്ക് വിജയം, പിരിച്ചുവിട്ട 164 പേരേയും മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കണം, വാര്‍ത്ത മുക്കി മുഖ്യധാരാ മാധ്യമങ്ങള്‍

02:04 PM Jan 15, 2025 | Raj C

കൊച്ചി: തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനെതിരെ 6 വര്‍ഷം നീണ്ട നിയമനടപടിക്കൊടുവില്‍ ചരിത്ര വിജയവുമായി തൊഴിലാളികള്‍. പിരിച്ചുവിട്ട 164 തൊഴിലാളികളെയും ആനുകൂല്യവും വേതന കുടിശ്ശികയും നല്‍കി തിരിച്ചെടുക്കാനാണ് എറണാകുളം ലേബര്‍ കോടതി വിധിച്ചത്.

2016ല്‍ നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) രൂപീകരിച്ചതിന് പ്രതികാര നടപടിയെന്നോണമാണ് 43 ശാഖ ഒറ്റയടിക്ക് പൂട്ടി തൊഴിലാളികളെ പിരിച്ചുവിട്ടത്. ഇതിനെ ചോദ്യം ചെയ്തായിരുന്നു തൊഴിലാളികള്‍ കോടതിയെ സമീപിച്ചത്. തൊഴിലാളികളുടെ ആനുകൂല്യം നാലുമാസത്തിനകം നല്‍കണമെന്ന് കോടതി വിധിയിലുണ്ട്. വീഴ്ചവരുത്തിയാല്‍ ആറുശതമാനം പലിശ ഈടാക്കും. തൊഴിലാളികള്‍ക്ക് കോടതിച്ചെലവും നല്‍കണം.

2019 ആഗസ്തിലാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. 56 ദിവസം നീണ്ട സമരം ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍ന്നെങ്കിലും പ്രതികാരനടപടി പാടില്ലെന്ന വ്യവസ്ഥ മാനേജ്മെന്റ് ലംഘിച്ചു. അസോസിയേഷന്‍ ഭാരവാഹികള്‍ ജോലി ചെയ്തിരുന്നതടക്കം 43 ശാഖ ഡിസംബര്‍ ഏഴിന് പൂട്ടി. അന്നാരംഭിച്ച പ്രക്ഷോഭം കോവിഡ് വ്യാപനംവരെ 83 ദിവസം തുടര്‍ന്നു. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് നല്‍കിയ കേസ് ഒത്തുതീര്‍പ്പിനായി ഹൈക്കോടതി ലേബര്‍ കോടതിക്ക് വിട്ടു. അതിലാണ് ഇപ്പോള്‍ വിധിയായത്. സ്വയം പിരിഞ്ഞുപോയവര്‍ ഒഴികെയുള്ളവരെയെല്ലാം തിരിച്ചെടുക്കാനാണ് വിധി.

Trending :

അസോസിയേഷനുവേണ്ടി അഡ്വ. എസ് കൃഷ്ണമൂര്‍ത്തി, അഡ്വ. വി കൃഷ്ണന്‍കുട്ടി, അഡ്വ. ബി ബാലഗോപാലന്‍, അഡ്വ. കെ വി പ്രഭാകരന്‍മാരാര്‍, അഡ്വ. ശ്രീദേവി രാധാകൃഷ്ണന്‍ എന്നിവര്‍ ഹാജരായി.

ബോണസ് നല്‍കാത്തതിനെതിരെ യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ 25,000 ത്തോളം ജീവനക്കാര്‍ക്കും 20 ശതമാനം ബോണസിന് അര്‍ഹതയുണ്ടെന്ന് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ നേരത്തെ വിധിച്ചിരുന്നു.

രാജ്യത്ത് സമ്പത്തിന്റെ കാര്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് മുത്തൂറ്റ് മാനേജ്‌മെന്റ്. അതുകൊണ്ടുതന്നെ മുത്തൂറ്റിനെതിരായ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കിയില്ല. വര്‍ഷം കോടിക്കണക്കിന് രൂപ പരസ്യയിനത്തില്‍ മുത്തൂറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നുണ്ട്.