എറണാകുളത്ത് ലോറി ബൈക്കിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

03:15 PM Apr 08, 2025 | AVANI MV

മലപ്പുറം: എറണാകുളത്ത് ലോറി ബൈക്കിൽ ഇടിച്ചുകയറി മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. മലപ്പുറം വാഴയൂർ സ്വദേശി ഹാദി സിനാൻ (22) ആണ് അപകടത്തിൽ മരിച്ചത്. കച്ചേരിപ്പടിയിൽ നിന്ന് ഹൈക്കോടതി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി അമിത വേഗത്തിൽ ബൈക്കിൻറെ പിന്നിൽ ഇടിക്കുകയായിരുന്നു.

അതേസമയം ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽപ്പെട്ട സിനാൻ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മലപ്പുറത്ത് നിന്നും എറണാകുളത്ത് എത്തിയ സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടിയ ശേഷം താമസസ്ഥലത്തേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. വേങ്ങര സ്വദേശിയായ സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ലോറി ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി നിഷാകാന്തിനെ എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തു. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.