തൊടുപുഴ: ഏറ്റുമാനൂരിനടുത്ത് ട്രെയിൻ തട്ടി മരിച്ച അമ്മയുടെയും പെണ്മക്കളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറന്പിൽ നോബിയുടെ ഭാര്യ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ അടുത്തടുത്ത് സംസ്കരിച്ചത്.
ഷൈനിയുടെ മകൻ എഡ്വിൻ അമ്മയുടെയും സഹോദരിമാരുടെയും മൃതദേഹങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞത് കണ്ടു നിന്നവരെയും
കണ്ണീരിലാഴ്ത്തി. നാട്ടുകാർക്കും ബന്ധുക്കൾക്കും പുറമേ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിയാളുകൾ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.
നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് സംസ്കാരചടങ്ങുകൾ പൂർത്തിയാക്കിയത്.വെള്ളിയാഴ്ച പുലർച്ചെ ഏറ്റുമാനൂർ മനയ്ക്കപ്പാടം അതിരന്പുഴ റെയിൽവേ ഗേറ്റിനു സമീപമാണ് മൂവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു മാസമായി ഷൈനിയും മക്കളും ഭർത്താവുമായി പിണങ്ങി ഏറ്റുമാനൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്കൂളിലെ വിദ്യാർഥികളാണ്. മൂത്ത മകൻ എഡ്വിൻ എറണാകുളത്ത് സ്പോർട്സ് സ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്.
അമ്മയെയും സഹോദരങ്ങളേയും ഇടവകപ്പള്ളിയിൽ സംസ്കരിക്കണമെന്ന എഡ്വിന്റെ ആവശ്യ പ്രകാരമാണ് മൃതദേഹങ്ങൾ തൊടുപുഴ ചുങ്കത്തേക്ക് കൊണ്ടുവന്നത്. രാവിലെ കാരിത്താസ് വടകരയിലെ വീട്ടിൽ നിന്നും പ്രാർഥനകൾക്കു ശേഷം മൃതദേഹങ്ങൾ നോബിയുടെ ചുങ്കത്തെ വീട്ടിലെത്തിച്ചതിനു ശേഷമാണ് പള്ളിയിൽ സംസ്കാരം നടത്തിയത്. വിദേശത്തായിരുന്ന നോബി ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങൾ കാണാനെത്തിയിരുന്നു. നേരിയ സംഘർഷ സാധ്യത ഉടലെടുത്തെങ്കിലും പോലീസ് ഇടപെട്ട് നിയന്ത്രിച്ചു.