മാഹിയിൽ മദ്യവില കൂടുന്നതോടെ കണ്ണൂരിലേക്കുള്ള വ്യാജ മദ്യ കടത്ത് ഗണ്യമായി കുറയും ; ആശ്വാസത്തിൽ എക്സൈസ്

10:24 AM Apr 26, 2025 | AVANI MV


തലശേരി : മാഹിയിലും മദ്യവില ഉയരുന്നതോടെ കണ്ണൂർ ജില്ലയിലേക്കുള്ള മദ്യക്കടത്ത് കുറയുമെന്ന് എക്സൈസിന് പ്രതീക്ഷ. മാഹി, പന്തക്കൽ, കോപ്പാലം, പള്ളൂർ ബാറുകളിൽ നിന്നാണ് വില കുറഞ്ഞ മദ്യം വാങ്ങി മദ്യക്കടത്തുകാർ കേരളത്തിലേക്ക് മദ്യം കടത്തുന്നത്. തലശേരി ക്കും മാഹിക്കും ഇടയിലുള്ള ഊടുവഴികളിലൂടെയും റോഡിലൂടെയുമാണ് മദ്യ കടത്ത് സംഘം സഞ്ചരിക്കുന്നത്. ജലമാർഗവും ട്രെയിൻ വഴിയും മദ്യം കടത്തുന്നുണ്ട്. സിന്തറ്റിക് ലഹരി പിടിക്കുന്ന തിരക്കിലായതിനാൽ വ്യാജ മദ്യ കടത്തുകാരെ പിടികൂടാൻ എക്സൈസിന് കഴിയാറില്ല. ഈ സാഹചര്യത്തിലാണ് പുതുച്ചേരിമദ്യത്തിന്റെ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചത്. 

ഇത് പ്രാബല്യത്തിൽ വരുന്നതോടു കൂടി മാഹി ഉൾപ്പെടെയുളള പ്രദേശങ്ങളിൽ മദ്യവില കുത്തനെ വർധിക്കും. ലഫ്. ഗവർണർ ഒപ്പുവയ്ക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും.തീരുവ കൂടുന്നതോടെ പുതുച്ചേരി, മാഹി, കാരൈയ്ക്കൽ, യാനം എന്നിവിടങ്ങളിൽ മദ്യവില ഗണ്യമായി ഉയരും. തീരുവ വർധനയ്ക്ക് അനുസരിച്ച് മദ്യവില എത്രത്തോളം കൂട്ടണമെന്ന് മദ്യകമ്പനികളും വിൽപ്പനശാലകളുമാണ് തീരുമാനിക്കുക. ഒൻപതുവർഷത്തിനുശേഷമാണ് പുതുച്ചേരിയിൽ എക്‌സൈസ് തീരുവ വർധിപ്പിക്കുന്നത്. തീരുവ വർധന നിലവിൽ വന്നാലും മദ്യവില മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് പുതുച്ചേരി സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും കേരളവുമായി നേരിയ വില വ്യത്യാസം മാത്രമേ ഉണ്ടാകാൻ സാദ്ധ്യതയുള്ളു. വില വർദ്ധനവ് മാഹിയിലെ അറുപതോളം ബാറുകൾക്കും തിരിച്ചടിയാണ്. മാഹിയിലേക്കുള്ള പുറമേ നിന്നുള്ള മദ്യപൻമാരുടെ ഒഴുക്ക് നിലക്കുന്നത് ഇവർക്ക് കനത്ത തിരിച്ചടിയായി മാറും.