കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട, പ്രവാസി പിടിയില്‍

02:42 PM Nov 01, 2025 | Suchithra Sivadas

കുവൈത്തിലെ മംഗഫ് പ്രദേശത്ത് വന്‍തോതില്‍ മയക്കുമരുന്ന് കൈവശം വെച്ചയാള്‍ പിടിയില്‍. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ ആണ് ഏഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്തത്. ആറ് കിലോഗ്രാം ഹെറോയിനും നാല് കിലോഗ്രാം മെത്താംഫെറ്റാമിനുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് തൂക്കി തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഏകദേശ വിപണി മൂല്യം 1,70,000 കുവൈത്ത് ദിനാര്‍ ആണ്.

വിദേശത്തുള്ള ക്രിമിനല്‍ സംഘങ്ങളുമായി ബന്ധം പുലര്‍ത്തി അത്യാധുനിക രീതി ഉപയോഗിച്ചാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സുരക്ഷാ അധികാരികളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനായി, മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഇയാള്‍ ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനിലെ ലൊക്കേഷന്‍ ഷെയറിംഗ് സംവിധാനം ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.