+

ക്ഷേമ പദ്ധതികളുടെ വിവരം പ്രവാസി സംഘടനകള്‍ താഴെത്തട്ടിലേക്ക് എത്തിക്കണം: പി. ശ്രീരാമകൃഷ്ണന്‍

ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച വിവരം പ്രവാസി സംഘടനകള്‍ താഴെത്തട്ടിലേക്ക് എത്തിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിച്ച പ്രവാസി സംഘടനകളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ പ്രവാസികളുടെ കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നു വരണം.


ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച വിവരം പ്രവാസി സംഘടനകള്‍ താഴെത്തട്ടിലേക്ക് എത്തിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിച്ച പ്രവാസി സംഘടനകളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ പ്രവാസികളുടെ കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നു വരണം. സഹകരണ മേഖല മുന്നോട്ടുവയ്ക്കുന്ന വലിയ സാധ്യത പ്രവാസികള്‍ ഉപയോഗപ്പെടുത്തണം. വനിതാ വികസന കോര്‍പ്പറേഷനുമായി സഹകരിച്ച് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന വനിതാ മിത്ര പദ്ധതി പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ തുടങ്ങുന്നതിന് തിരികെ എത്തിയ പ്രവാസി വനിതകള്‍ മുന്നോട്ടു വരണം.

വിദേശത്തെ ജീവിതാനുഭവങ്ങളും വിദ്യാഭ്യാസവും കൈമുതലാക്കി കേരളത്തില്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് നാട്ടില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോര്‍ക്ക റൂട്ട്സ് നോര്‍ക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (നെയിം) പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കേരളത്തിലെ സ്ഥാപനങ്ങളില്‍ വിദേശ പ്രവര്‍ത്തി പരിചയമുള്ള തിരിച്ചെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം. തൊഴില്‍ദാതാക്കളും തിരികെയെത്തിയ പ്രവാസികളും ഈ പദ്ധതി പ്രയോജനപ്പെടുത്തണം. പ്രവാസികളുമായി ബന്ധപ്പെട്ടതും പ്രവാസികള്‍ക്കുകൂടി പ്രയോജനപ്പെടുന്നതുമായ വിവിധ വകുപ്പുകളുടേയും പദ്ധതികളുടേയും സംവിധാനങ്ങളുടേയും ഏകോപനത്തിനായുളള കൂട്ടായ്മയായി പ്രവാസി മിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രവാസികള്‍ക്കായി നടപ്പു സാമ്പത്തികവര്‍ഷം നോര്‍ക്ക റൂട്ട്‌സ് 20 ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 125.15 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും പദ്ധതി അവതരണം നടത്തിയ നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി പറഞ്ഞു. പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തില്‍ കേരളം ദേശീയതലത്തില്‍ തന്നെ ഒന്നാമതാണ്. ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് താഴെത്തട്ടില്‍ നടത്തുന്ന അവബോധ പരിപാടികള്‍ക്ക് പ്രവാസി സംഘടനകളുടെ സഹായം ആവശ്യമാണ്. ഈ സാമ്പത്തികവര്‍ഷം 30 ലോണ്‍ മേളകള്‍, 14 പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്കായി ആകെ 44 പരിപാടികള്‍ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. 10 പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. തിരികെ എത്തിയ പ്രവാസികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണം, തിരികെ എത്തിയ പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തണം, സംരംഭങ്ങളില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രധാന്യം നല്‍കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.സി. സജീവ് തൈക്കാട്, നോര്‍ക്ക റൂട്ട്‌സ് ഫിനാന്‍സ് മാനേജര്‍ വി. ദേവരാജന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി. മണി തുടങ്ങിയവര്‍ പങ്കെടുത്തു. 

facebook twitter