വിഷമദ്യ ദുരന്തത്തില്‍ ചികിത്സയിലിരിക്കുന്ന പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തും

01:29 PM Aug 19, 2025 | Suchithra Sivadas

കുവൈത്തില്‍ വിഷമദ്യം കഴിച്ചതിന് ശേഷം ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട എല്ലാ പ്രവാസികളെയും അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തും.ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

23 പേരുടെ മരണത്തിന് കാരണമായ വിഷമദ്യ കേസില്‍ നാല് പ്രധാന പ്രതികള്‍ ഉള്‍പ്പെടെ 71 പ്രവാസികളെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കുറ്റങ്ങള്‍ അനുസരിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ പ്രാഥമിക പ്രതികളില്‍ പലര്‍ക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തുമെന്നും സ്രോതസ്സ് ചൂണ്ടിക്കാട്ടി. പ്രവാസികളുടെ മരണത്തിന് കാരണമായ മെഥനോള്‍ വിഷമദ്യം ഉല്‍പ്പാദിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വൈദഗ്ദ്ധ്യമുള്ള ക്രിമിനല്‍ ശൃംഖലയെ ഇല്ലാതാക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും മെഥനോള്‍ വിഷമദ്യം ഉല്‍പ്പാദിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള പങ്കാളിത്തം ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായുമാണ് റിപ്പോര്‍ട്ട്.

വിഷമദ്യ ദുരന്തത്തില്‍ ഇന്ത്യക്കാരുള്‍പ്പടെ 23 ഏഷ്യന്‍ പ്രവാസികള്‍ മരിക്കുകയും 160-ലധികം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.