+

ഓപ്പൺ ബസിൽ കൊച്ചി കറങ്ങാം; കെഎസ്ആർടിസി ഡബിൾ ഡെക്കർ തയ്യാർ

വിനോദസഞ്ചാരികൾക്ക് കൊച്ചി ആസ്വദിക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഡബിൾ ഡെക്കർ ബസ് തയ്യാറായി. തിരുവനന്തപുരത്തും മൂന്നാറും നടപ്പിലാക്കി വിജയിച്ച പദ്ധതിയാണ് കൊച്ചിയിലും കൊണ്ടുവരുന്നത്.

ആലുവ: വിനോദസഞ്ചാരികൾക്ക് കൊച്ചി ആസ്വദിക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഡബിൾ ഡെക്കർ ബസ് തയ്യാറായി. തിരുവനന്തപുരത്തും മൂന്നാറും നടപ്പിലാക്കി വിജയിച്ച പദ്ധതിയാണ് കൊച്ചിയിലും കൊണ്ടുവരുന്നത്. ഡബിൾ ഡെക്കർ ബസ് ആലുവ ഗാരേജിൽ അവസാന വട്ട മിനുക്കുപണിയിലാണ്. 15- ന് മന്ത്രി പി. രാജീവ് എറണാകുളം ബോട്ട് ജെട്ടി സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യും.

80 സീറ്റുള്ളതാണ് ബസ്. സീറ്റ് ബുക്കിങ് ഓൺലൈനായാണ്. വൈകീട്ട് അഞ്ചുമണിക്ക് ബോട്ട്‌ ജെട്ടി സ്റ്റാൻഡിൽനിന്നാണ് ബസ് പുറപ്പെടുന്നത്. മറൈൻ ഡ്രൈവ്, ഹൈക്കോടതി, ഗോശ്രീപാലം വഴി കാളമുക്ക് ജങ്ഷനിലേക്ക് എത്തും. ശേഷം തിരികേ ഹൈക്കോടതി, കച്ചേരിപ്പടി, എംജി റോഡ്, തേവര, വെണ്ടുരുത്തി പാലം, നേവൽബേസ്, തോപ്പുംപടി ബിഒടി പാലം എന്നിവിടങ്ങളിലെത്തും. ബിഒടി പാലത്തിൽ എത്തുന്നതിനു മുൻപ് ഇടത്തേക്ക് തിരിയും.

സന്ദർശകർക്ക് കായൽതീരത്തുള്ള പുതിയ പാർക്കും നടപ്പാതയും ആസ്വദിക്കാനും സൗകര്യമുണ്ടായിരിക്കും. രാത്രി എട്ടുമണിയോടെ തിരികെ സ്റ്റാൻഡിലെത്തും.തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ഓടിച്ചിരുന്ന ഓപ്പൺ - ടോപ്പ് ബസാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്.

ബസിലെ ഇരിപ്പിടങ്ങളും മറ്റും മികവുറ്റതാക്കി. സംഗീതം ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പദ്ധതി വിജയിച്ചാൽ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് കൂടുതൽ ബസുകൾ എത്തിക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം.

facebook twitter