മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

06:46 AM Jun 23, 2025 | Suchithra Sivadas

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറാന്റെ സുപ്രധാന ആണവകേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രണം നടത്തിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചത്. മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എക്സിലൂടെയാണ് ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച വിവരം അദ്ദേഹം അറിയിച്ചത്.

'ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. ഇപ്പോഴുണ്ടായ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രദേശത്ത് സമാധാനവും സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കണമെന്നും അതിനായുളള നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു'- നരേന്ദ്രമോദി എക്സില്‍ കുറിച്ചു.