23000 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് മെറ്റ

08:44 PM May 09, 2025 | Neha Nair

23000 ഫെയ്‌സ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്. ഓൺലൈൻ തട്ടിപ്പുകാരുടെ പേജുകളും അക്കൗണ്ടുകളുമാണ് നീക്കം ചെയ്തത്. പ്രധാനമായും ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട തട്ടിപ്പുകാരുടെ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. ഡീപ്പ് ഫേക്ക് ഉൾപ്പടെയുള്ള വിദ്യകൾ ഉപയോഗിച്ചും ജനപ്രിയ പേഴ്‌സണൽ ഫിനാൻസ് കണ്ടന്റ് ക്രിയേറ്റർമാരായി നടിച്ചും, ക്രിക്കറ്റ് താരങ്ങളുടേയും വ്യവസായികളുടേയും പേരിലും വ്യാജ നിക്ഷേപ ആപ്പുകളിലേക്കും വാതുവെപ്പ് വെബ്‌സൈറ്റുകളിലേക്കും സാധാരണക്കാരെ ആകർഷിക്കാനായി ഉപയോഗിച്ചിരുന്നവയാണ് ഈ അക്കൗണ്ടുകൾ എന്ന് മെറ്റ പുറത്തുവിട്ട വാർത്താകുറിപ്പിൽ പറഞ്ഞു.

രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഇവ നീക്കം ചെയ്തത്. അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പിൽ വീഴുന്നവരെ നിക്ഷേപ നിർദേശങ്ങൾ നൽകുന്ന ആപ്പുകളിലേക്ക് എത്തിക്കും. ഗൂഗിൾ പ്ലേ സ്‌റ്റോർ പേജിന് സമാനമായ വ്യാജ വെബ്‌സൈറ്റുകളിലേക്ക് ഇങ്ങനെ ആളുകളെ എത്തിച്ച് വാതുവെപ്പ് ആപ്പുകൾ ഡൗൺലോഡ് ചെയ്യിപ്പിക്കുകയും അതിൽ പണം മുടക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത് കുടാതെ നിക്ഷേപ തട്ടിപ്പുകാർ ക്രിപ്‌റ്റോ കറൻസി, റിയൽ എസ്‌റ്റേറ്റ്, ഓഹരി എന്നിവയിൽ നിക്ഷേപിച്ച് വൻ തുക ലാഭം വാഗ്ദാനം ചെയ്ത് ആളുകളെ കുടുക്കുകയും ചെയ്യുന്നു.