+

ഗൂഗിള്‍ മീറ്റില്‍ വ്യാജ പോലീസ് ചമഞ്ഞു തട്ടിപ്പ്; ജാഗ്രതാ മുന്നറിപ്പുമായി ഖത്തര്‍ കമേഴ്സ്യല്‍ ബാങ്ക്

ബാങ്ക് ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടാന്‍ വ്യാജസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ കമേഴ്സ്യല്‍ ബാങ്ക്.ഉപഭോക്താക്കള്‍ക്ക് ഇ-മെയിലിലൂടെയാണ് ബാങ്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

ബാങ്ക് ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടാന്‍ വ്യാജസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ കമേഴ്സ്യല്‍ ബാങ്ക്.ഉപഭോക്താക്കള്‍ക്ക് ഇ-മെയിലിലൂടെയാണ് ബാങ്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.ഖത്തര്‍ പോലീസിന്റെ വേഷവും ചിഹ്നങ്ങളും ദുരുപയോഗം ചെയ്ത് ഗൂഗിള്‍ മീറ്റില്‍ ബന്ധപ്പെട്ടാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

വീഡിയോ കോളുകള്‍ വഴി ഖത്തര്‍ പോലീസില്‍ നിന്നാണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.നിങ്ങള്‍ ഏതെങ്കിലുമൊരു നിയമലംഘനം നടത്തിയെന്ന് അവകാശപ്പെടുകയും പിഴ, അറസ്റ്റ് അല്ലെങ്കില്‍ നിയമനടപടി എന്നിവ ഒഴിവാക്കാന്‍ ഉടനടി പണം നല്‍കുകയും വേണമെന്ന് ഇവര്‍ ആവശ്യപ്പെടും.

വ്യാജ പോലീസ് വേഷം, വ്യാജ സൈനേജുകള്‍, ബാഡ്ജുകള്‍ അല്ലെങ്കില്‍ നെയിം ടാഗുകള്‍,എന്നിവയ്ക്ക് പുറമെ,ആധികാരികവും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിലായിരിക്കും ഇവര്‍ സംസാരിക്കുക.ഇരകളെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കിയ ശേഷം,ഡെബിറ്റ് / ക്രെഡിറ്റ് നമ്പറുകള്‍,കാര്‍ഡ് കാലഹരണപ്പെടുന്ന തീയതി,സിവിവി നമ്പര്‍,രഹസ്യ പിന്‍,ഓ.ടി.പി എന്നിവ ആവശ്യപ്പെടുകയും ചെയ്യും.

ഇര കോളില്‍ തുടരുമ്പോള്‍ തന്നെ, തട്ടിപ്പുകാരന്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തി അക്കൗണ്ടിലെ പണം കൈക്കലാക്കിയിരിക്കും.

തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാന്‍ സ്വീകരിക്കേണ്ടത് :

    ഭയവും പരിഭ്രാന്തിയും ഒഴിവാക്കി ശാന്തത പാലിക്കുക.ഇരകളില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിലാണ് തട്ടിപ്പുകാര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തിരിച്ചറിഞ്ഞു ജാഗ്രതയോടെ പെരുമാറുക.
    പോലീസാണെന്നോ ബാങ്ക് ജീവനക്കാരാണെന്നോ അവകാശപ്പെട്ടാല്‍ പോലും നിങ്ങളുടെ ബാങ്ക് കാര്‍ഡ്, പിന്‍, അല്ലെങ്കില്‍ OTP എന്നിവ ആരുമായും പങ്കിടരുത്.
    കോള്‍ ഉടന്‍ അവസാനിപ്പിച്ച് സംഭവം പോലീസിനെയും 4449 5095 എന്ന നമ്പറില്‍ കമേഴ്സ്യല്‍ ബാങ്ക് ഫ്രോഡ് ഹോട്ട്ലൈനെയും അറിയിക്കുക.

തുടര്‍ച്ചയായ ജാഗ്രതയും എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെയുള്ള ശക്തമായ പ്രതിരോധമെന്നും കമേഴ്സ്യല്‍ ബാങ്ക് ഉപഭോക്താക്കളെ ഓര്‍മിപ്പിച്ചു.വ്യാജ പോലീസ് വേഷം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സൈബര്‍ തട്ടിപ്പുരീതികളെ കുറിച്ച് നേരത്തെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

facebook twitter