പാലക്കാട്: കെട്ടിട നികുതി അടച്ചതായി വ്യാജ രസീത് നിർമിച്ചെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭ സെക്രട്ടറി ടൗൺ സൗത്ത് പോലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ 17ന് നഗരസഭ പതിനാലാം വാർഡ് പേച്ചിയമ്മൻ സ്ട്രീറ്റിലെ ഒരു കെട്ടിട ഉടമയാണ് തനിക്ക് ലഭിച്ച നികുതി രസീതിൽ വാർഡ് തെറ്റായി രേഖപ്പെടുത്തിയത് ശരിയാക്കണമെന്ന പരാതിയുമായി നഗരസഭയിൽ എത്തിയത്. രസീതിലെ ക്യു ആർ കോഡ് പരിശോധിച്ചതിലാണ് മറ്റൊരു കെട്ടിടത്തിന്റെ രസീത് എഡിറ്റ് ചെയ്ത് മാറ്റിയതാണെന്ന് വ്യക്തമായത്.
കെ. സ്മാർട്ട് സംവിധാനത്തിലൂടെ നികുതി അടച്ചതായി കാണിക്കുന്ന രസീത് പുറമേ നിന്നുള്ള ഏതോ കമ്പ്യൂട്ടറിൽ വ്യാജമായി നിർമ്മിച്ചിട്ടുള്ളതാണെന്ന സംശയം ഉയർന്നതോടെ രസീതിന്റെ ഉറവിടത്തെ കുറിച്ച് അപേക്ഷകയോട് അന്വേഷിച്ചു. കെട്ടിട നിർമ്മാണം നടത്തിയ എൻജിനീയറാണ് രസീത് നൽകിയതെന്ന് അപേക്ഷക നഗരസഭ അധികൃതരോട് പറഞ്ഞു. തുടർന്ന് സ്ഥലത്തെത്ത് നഗരസഭാ അധികൃതർ പരിശോധന നടത്തി. അവിടെ പുതുതായി പണി പൂർത്തീകരിച്ച കെട്ടിട സമുച്ചയത്തിന് നഗരസഭയിൽ നിന്നും കെട്ടിട നമ്പർ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമായി. പ്രസ്തുത കെട്ടിട സമുച്ചയത്തിന്റെ കംപ്ലീഷൻ പ്ലാനും നഗരസഭയിൽ സമർപ്പിച്ചിട്ടില്ല. ഇതേതുടർന്നാണ് വ്യാജമായി നികുതി രസീത് നിർമ്മിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി ടൗൺ സൗത്ത് പോലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകിയത്.