ചാരുംമൂട്: മനസ്സിനേറ്റ മുറിവെല്ലാം മായ്ച്ച് കളിയും ചിരിയുമായി അവൾ വീണ്ടും സ്കൂളിലെത്തി. ഇനി വീണ്ടും പഠനകാലം. പിതാവിന്റെയും രണ്ടാനമ്മയുടെയും മർദനത്തിനിരയായ നാലാംക്ലാസുകാരി സ്കൂളിലേക്കു മടങ്ങിയെത്തി. തിങ്കളാഴ്ച രാവിലെ സ്കൂൾ ബസിലാണ് അമ്മൂമ്മ റസിയയോടൊപ്പം ആദിക്കാട്ടുകുളങ്ങരയിലെ സ്കൂളിലെത്തിയത്. ആരും ഒന്നും പറഞ്ഞു വിഷമിപ്പിക്കേണ്ടന്നു കരുതി സ്കൂളിലെ സ്റ്റാഫ് റൂമിലേക്കാണ് പ്രഥമാധ്യാപിക അവളെയെത്തിച്ചത്. ശേഷം ഫസ്റ്റ് ബെല്ലിനു മുൻപേ ക്ലാസ് ടീച്ചറോടൊപ്പം ക്ലാസിലേക്കു വിട്ടു.
ഉച്ചവരെ അമ്മൂമ്മ സ്കൂൾ പരിസരത്തുണ്ടായിരുന്നു. പതിവനുസരിച്ച് പാൽ ഉൾപ്പെടെയുള്ളതായിരുന്നു ഉച്ചഭക്ഷണം. വൈകുന്നേരം 3.45-ന് കുട്ടി സ്കൂൾ ബസിൽ മടങ്ങി. വീട്ടിലെത്തിയതിനുശേഷം അധ്യാപകർ വീട്ടിലേക്കു വിളിച്ച് വിവരം അന്വേഷിച്ചു. താമരക്കുളത്തെ ബന്ധുവീട്ടിലായിരുന്ന കുട്ടിയും അമ്മൂമ്മയും ഞായറാഴ്ച രാവിലെയാണ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട്ടെ വീട്ടിലെത്തിയത്. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമാണ് താമസം. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാറും രണ്ടാംഭാര്യ ഷെഫീനയും റിമാൻഡിലാണ്.
വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്. ശ്രീലത തിങ്കളാഴ്ച സ്കൂൾ സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. കുട്ടിക്കു മർദനമേറ്റ സംഭവം എങ്ങനെ അറിഞ്ഞെന്നും ഈ വിഷയം പുറത്തു പ്രചരിക്കാനിടയായ സാഹചര്യവുമെല്ലാം സ്കൂൾ അധികൃതർ വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട കാരണംകാണിക്കൽ നോട്ടീസിനു മറുപടി നൽകി. അടുത്ത രണ്ടുദിവസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും.