തളിപ്പറമ്പിലെ തീപ്പിടുത്തം ; ഒറ്റ രാത്രി കൊണ്ട് കെ വി കോംപ്ലക്സിനെ ശുചീകരിച്ച്‌ താരമായി വൈറ്റ് ഗാർഡ് വളണ്ടിയർമാർ

10:35 PM Oct 16, 2025 | Desk Kerala

തളിപ്പറമ്പ:  കൈയും മെയ്യും മറന്ന് ഒറ്റ രാത്രി കൊണ്ടാണ് കെ വി കോംപ്ലക്സിനെ വൈറ്റ് ഗാർഡ് എന്ന സന്നദ്ധ പ്രവർത്തകർ ശുചീകരിച്ചത്. 12 മണിക്കൂർ നീണ്ടുനിൽക്കുന്നതായിരുന്നു ഈ ശുചീകരണ  പ്രവർത്തനം. 

മണിക്കൂറുകൾ നീണ്ട ശുചീകരണത്തിനൊടുവിൽ ഒറ്റരാത്രി കൊണ്ടാണ് പൂർണ്ണമായും കത്തിനശിച്ച കെവി കോംപ്ലക്സ് മുസ്ലിം ലീഗിൻ്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡിലെ വളണ്ടിയർമാർ ശുചീകരിച്ചത്. അഞ്ചു ദിവസമെങ്കിലും നീണ്ടു നിൽക്കുമെന്ന് കരുതിയ ശുചീകരണ പ്രവർത്തനമാണ് 12 മണിക്കൂറുകൊണ്ട് വൈറ്റ് ഗാർഡ് വളണ്ടിയർമാർ  പൂർത്തിയാക്കിയത്.

രണ്ട് ടോറസും പത്തോളം ലോറിയും മാലിന്യം നീക്കാനായി എത്തിച്ചിരുന്നു. ഇതിനു പുറമേ പത്തോളം ലോറുകളിൽ ഇരുമ്പുമാലിന്യങ്ങളും ആക്രിക്കടയിൽ വില്പന നടത്തുന്നതിനായി സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. പൂർണ്ണമായും മാലിന്യം നീക്കിയ ശേഷം വളണ്ടിയർമാരുടെ  നേതൃത്വത്തിൽ പമ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തു.

മാലിന്യത്തിന്റെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്കായി എറണാകുളത്തേക്ക് അയക്കേണ്ടതിനാൽ മാലിന്യ സാമ്പിൾ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ശുചീകരണത്തിന് നിർദ്ദേശങ്ങളുമായി നഗരസഭാ  സെക്രട്ടറിയും ഉണ്ടായിരുന്നു എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കെ എസ് റിയാസും , വി താജുദീനും കൗൺസിലർ രമേശൻ എന്നിവരും ശുചീകരണ പ്രവർത്തിന് എല്ലാവിധ സഹായങ്ങളും നൽകി സംഭവസ്ഥലത്ത് പ്രവർത്തിച്ചിരുന്നു.

ഇൻറർലോക്കുകൾക്കിടയിലുള്ള കുപ്പിച്ചില്ലുകൾ പോലും വളരെ സൂക്ഷ്മമായി മാറ്റിയാണ് വൈറ്റ് ഗാർഡ് ശുചീകരണം നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി. 'ഏതൊരു ദുരന്തം ഉണ്ടായാലും മലയാളികൾ ഒറ്റക്കെട്ടായി നിൽക്കുന്നതിന്റെ ഒരു നേർമുഖം കൂടിയായിരുന്നു കെവി കോംപ്ലക്സിൽ നടന്ന ശുചീകരണ പ്രവർത്തനം.