കുവൈറ്റിൽ താമസക്കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

06:49 PM Jun 01, 2025 | Kavya Ramachandran

കുവൈറ്റിലെ റിഗ്ഗയിലെ താമസക്കെട്ടിടത്തിൽ തീപിടിത്തം. മൂന്ന് പ്രവാസികൾ മരിച്ചതായാണ് പ്രാഥമിക വിവരം. തീപിടിത്തത്തില്‍ പതിനഞ്ചോളം പേർക്ക് പരുക്കേറ്റതായും ദൃക്‌സാക്ഷികൾ അറിയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കെട്ടിടത്തിലെ രണ്ട് അപ്പാർട്ടുമെന്റുകളാണ് കത്തിനശിച്ചിരിക്കുന്നത്. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ആണ് സ്ഥലത്ത് നിന്ന് കണ്ടെടുത്തത് എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ എത്രപേര്‍ അപകടത്തില്‍പ്പെട്ടുവെന്നതില്‍ ഇപ്പോ‍ഴും വ്യക്തതയില്ല. തീപിടിത്തത്തിലേക്ക് നയിച്ച കാരണവും അവ്യക്തമാണ്.


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്ക്യൂ വകുപ്പും ചേർന്ന് തീനിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.