+

അജ്ഞാത രോഗത്തെ തുടര്‍ന്ന് അഞ്ച് പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ബദാല്‍ ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

മരണം സംഭവിച്ച കുടുംബങ്ങളുടെ വീടുകള്‍ സീല്‍ ചെയ്യുമെന്നും നിയുക്ത അനുമതിയില്ലാതെ ആരെയും പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി

അഞ്ച് പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് രജൗരി അധികൃതര്‍ ബുധനാഴ്ച ബാദല്‍ ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്തെ എല്ലാ ഒത്തുചേരലുകളും നിരോധിച്ചു. ഡിസംബര്‍ മുതല്‍, മൂന്ന് കുടുംബങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെ 17 അംഗങ്ങള്‍ 'നിഗൂഢ രോഗത്തിന്' കീഴടങ്ങി മരിച്ചിരുന്നു. മറ്റ് പലരും രോഗബാധിതരായി തുടരുകയാണ്. അതിനിടെയാണ് അഞ്ച് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

രോഗബാധിതരായ അഞ്ചുപേരെ ആദ്യം കണ്ടി സിഎച്ച്സിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയായ അജാസ് ഖാനെ (25) ബുധനാഴ്ച പുലര്‍ച്ചെ 1.35 ഓടെ പിജിഐ ചണ്ഡീഗഡിലേക്ക് റഫര്‍ ചെയ്തു. മൂന്ന് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ മുമ്പ് സിഎച്ച്‌സിയില്‍ നിന്ന് ജിഎംസി രജൗരിയിലേക്ക് റഫര്‍ ചെയ്തിരുന്നു. ആര്‍മി ഹെലികോപ്റ്ററിലാണ് ഇവരെ ജമ്മുവിലേക്ക് മാറ്റിയത്. അഞ്ചാമത്തെ രോഗിയെ സിഎച്ച്‌സി കണ്ടിയില്‍ നിന്ന് ജിഎംസി രജൗരിയിലേക്ക് മാറ്റിയതായി ജിഎംസി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഷമീം അഹമ്മദ് പറഞ്ഞു.

മരണം സംഭവിച്ച കുടുംബങ്ങളുടെ വീടുകള്‍ സീല്‍ ചെയ്യുമെന്നും നിയുക്ത അനുമതിയില്ലാതെ ആരെയും പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി. കുടുംബങ്ങളിലെ വ്യക്തികളെയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെയും തുടര്‍ച്ചയായ ആരോഗ്യ നിരീക്ഷണത്തിനായി ഉടന്‍ തന്നെ ജിഎംസി രജൗരിയിലേക്ക് മാറ്റണംമെന്നും ഉത്തരവില്‍ പറയുന്നു. 

facebook twitter