പഞ്ഞിപോലുള്ള ക്രീം ബൺ

10:30 AM Oct 30, 2025 | Kavya Ramachandran



അവശ്യ ചേരുവകൾ

പാൽ- 2 കപ്പ്
യീസ്റ്റ്- 2 ടീസ്പൂൺ
പഞ്ചസാര- 4 1/2 ടേബിൾസ്പൂൺ
മൈദ- 2 1/2 കപ്പ്
മുട്ട- 2
എണ്ണ- 3 1/2 ടേബിൾസ്പൂൺ
വാനില എസെൻസ്- 2 ടീസ്പൂൺ
നെയ്യ് അല്ലെങ്കിൽ വെണ്ണ- 1 ടീസ്പൂൺ
കസ്റ്റാർഡ് പൊടി – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

പാൽ തിളപ്പിക്കുക. ഇതിലേക്ക് മൈദാ ചേർത്ത് യോജിപ്പിക്കാം. ഇനി ഇതിലേക്ക് പഞ്ചസാരയും യീസ്റ്റും ചേർത്ത് അൽപ സമയം മാറ്റി വയ്ക്കാം. ഒപ്പം എണ്ണയും ചേർക്കാം. 2 മുട്ട പൊട്ടിച്ചതും ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ വാനില എസെൻസും അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിച്ച് പുളിക്കാൻ മാറ്റി വയ്ക്കാം.

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം അതിലേയ്ക്ക് അര കപ്പ് പാൽ ഒഴിക്കാം. അത് ചൂടായി വരുമ്പോൾ 2 കസ്റ്റാർഡ് പൊടിയും, 3 ടേബിൾസ്പൂൺ​ പഞ്ചസാരയും, 1 ടീസ്പൂൺ വാനില എസെൻസും, 1 ടീസ്പൂൺ നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റി വയ്ക്കാം.

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. കുഴിവുള്ള തവിയിലേയ്ക്ക് ചൂടായ എണ്ണയിൽ നിന്നും അൽപം എടുക്കാം. അതിലേയ്ക്ക് പുളിച്ച മാവ് ഒഴിക്കാം. അത് അടുപ്പിൽ തിളച്ചു വരുന്ന എണ്ണയിലേയ്ക്കു ചേർത്ത് വറുക്കാം. ഇങ്ങനെ വറുത്തെടുത്ത ബൺ അൽപ്പമൊന്ന് തണുത്തതിനു ശേഷം നടുവെ മുറിച്ച് തയാറാക്കി വച്ചിരിക്കുന്ന കസ്റ്റാർഡ് ഫില്ലിംഗ് ഉള്ളിൽ പുരട്ടാം. ശേഷം ആവശ്യാനുസരണം കഴിക്കാം.