+

ഫുട്‌ബോളിനെ ചൊല്ലി തർക്കം; കിളിമാനൂരില്‍ പത്താക്ലാസുകാരനെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി

കിളിമാനൂരില്‍ ഫുട്‌ബോളിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ  പത്താം ക്ലാസ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായിമര്‍ദ്ദിച്ചതായി പരാതി. പള്ളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റയ്ഹാനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്.

തിരുവനന്തപുരം: കിളിമാനൂരില്‍ ഫുട്‌ബോളിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ  പത്താം ക്ലാസ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായിമര്‍ദ്ദിച്ചതായി പരാതി. പള്ളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റയ്ഹാനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റതിനേത്തുടര്‍ന്ന് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി.

ജനുവരി 16-ാം തീയതി ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഏഴോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ റയ്ഹാനെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് മാരകമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇവര്‍ക്കെതിരെ പള്ളിക്കല്‍ പോലീസ് കേസെടുത്തു. സഹപാഠികള്‍ ചേര്‍ന്നാണ് മുറിവേറ്റ റയ്ഹാനെ ഓഫീസ് റൂമില്‍ എത്തിച്ചത്.

തല പിടിച്ച് ചുവരില്‍ ഇടിക്കുകയും കഴുത്തിന് തൂക്കി എടുക്കുകയും തറയിലിട്ട് കാലിലും വയറിലും ചവിട്ടുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. വയറിനും നടുവിനും കഴുത്തിനും തലയ്ക്കും ക്ഷതം സംഭവിച്ചു. ഇടതു കാലിന് പൊട്ടലുണ്ട്. മകന് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് മാതാപിതാക്കള്‍ പറയുന്നത്.

മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഫുട്‌ബോളിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് വിവരം. ഹൈസ്‌കൂളിനും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും ഓരോ ഫുട്‌ബോള്‍ സ്‌കൂള്‍ നല്‍കിയിരുന്നു. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഹൈസ്‌കൂളിന്റെ ഫുട്‌ബോള്‍ കൂടി എടുത്തു കൊണ്ടു പോയെന്നാണ് ആരോപണം. റയ്ഹാന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികള്‍ സീനിയര്‍ വിദ്യാര്‍ഥികളോട് ഇത് ചോദ്യം ചെയ്യുകയും ഫുട്‌ബോള്‍ തിരികെ വാങ്ങുകയും ചെയ്തു. ഇത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയും റയ്ഹാനെ പലതവണ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടന്നതായും മാതാപിതാക്കള്‍ പറയുന്നു.
 

facebook twitter