
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൻ ജില്ലാ കളക്ടർ നൽകിയ മൊഴി ശരിവെച്ച് റവന്യൂ മന്ത്രി കെ രാജൻ. പി പി ദിവ്യ എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് പിന്നാലെ കലക്ടർ വിളിച്ചിരുന്നുവെന്ന് മന്ത്രി സമ്മതിച്ചു. കണ്ണൂർ ജില്ലാ കളക്ടറുമായി യാതൊരു പിണക്കവും തനിക്കില്ലെന്നും മന്ത്രി പറഞ്ഞു. 10 മാസത്തിനുശേഷമാണ് മന്ത്രി കെ രാജനും കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനും ഒരുമിച്ച് വേദി പങ്കിട്ടത്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് തൊട്ടുപിന്നാലെ നവീൻ ബാബു ചേംബറിലേക്ക് എത്തിയെന്നും തനിക്ക് ഒരു തെറ്റ് പറ്റിയെന്ന് പറഞ്ഞതായും ജില്ലാ കലക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. അന്നേദിവസം തന്നെ മന്ത്രി കെ രാജനെ വിളിച്ച് നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞതായും കലക്ടറുടെ മൊഴിയിൽ ഉണ്ട്. എന്നാൽ മന്ത്രി അക്കാര്യം ഇതുവരെയും സമ്മതിച്ചിരുന്നില്ല. എന്നാൽ മന്ത്രി ഈക്കാര്യം ആദ്യമായി ശരിവെക്കുകയായിരുന്നു നേരത്തെ മന്ത്രി ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കാത്തതിൽ സി.പി.ഐ കണ്ണൂർ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.