പുത്തന്‍വേലിക്കരയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതി റിമാന്‍ഡില്‍

05:53 AM Jan 23, 2025 | Suchithra Sivadas

പുത്തന്‍വേലിക്കരയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതി ബി കെ സുബ്രഹ്‌മണ്യനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി മജിസ്‌ട്രേറ്റിന്റേതാണ് നടപടി. പ്രതിയെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. ചെങ്ങമനാട് പൊലീസാണ്  പ്രതിയെ പിടികൂടിയത്.


പോക്‌സോ വകുപ്പ് ചുമത്തി ഈ മാസം 15നായിരുന്നു പൊലീസ് കേസെടുത്തത്. ഏഴ് ദിവസമായി പ്രതി ഒളിവിലായിരുന്നു. 
സിപിഐഎം നേതാവായിരുന്ന ഇയാളെ ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. കേസ് എടുത്തതിന് പിന്നാലെ ബി കെ സുബ്രഹ്‌മണ്യന്‍ ഒളിവില്‍ പോകുകയായിരുന്നു.


ജനുവരി 12 ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ കുഞ്ഞ് പെട്ടെന്ന് ഭയത്തോടെ പെരുമാറുന്നതും പേടിച്ച് മാറി ഇരിക്കുന്നതും അമ്മയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് അമ്മ പീഡനവിവരം അറിയുന്നത്. കുഞ്ഞിന്റെ നെഞ്ചില്‍ പാട് കണ്ടെത്തി. കുഞ്ഞിന് മൂത്രമൊഴിക്കാന്‍ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടപ്പോള്‍ സംശയം തോന്നിയ അമ്മ സ്വകാര്യഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പീഡിപ്പിച്ച വിവരം അറിയുന്നത്.