ഗൗരി ല​ങ്കേഷ് കൊലക്കേസ് ; കസ്റ്റഡിയിലുള്ള അവസാന പ്രതിക്കും ജാമ്യം അനുവദിച്ച് കോടതി

12:05 PM Jan 12, 2025 | Neha Nair

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്‌കറിനും ജാമ്യം അനുവദിച്ച് ബെംഗളൂരു കോടതി. 2017 സെപ്റ്റംബർ അഞ്ചിനാണ് പ്രമുഖ മാധ്യമപ്രവർത്തകയും വലതുപക്ഷ ആശയങ്ങളുടെ വിമർശകയുമായ ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വസതിക്ക് പുറത്ത് വെടിയേറ്റു മരിച്ചത്. നിരവധി സാക്ഷികളും ഒട്ടനവധി തെളിവുകളും ഉൾപ്പെടുന്ന കേസ് രാജ്യവ്യാപകമായ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു.

പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി മുരളീധര പൈ ബി.യാണ് ബുധനാഴ്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കലാസ്‌കറിന് കർശന വ്യവസ്ഥകളോടെ വ്യക്തിഗത ബോണ്ടിൽ ജാമ്യം അനുവദിക്കുകയായിരുന്നു.

2018 സെപ്റ്റംബർ 4 മുതൽ കസ്റ്റഡിയിലുള്ള പ്രതി ക്രിമിനൽ നടപടി ചട്ടത്തിലെ 439-ാം വകുപ്പ് പ്രകാരം ജാമ്യം ആവശ്യപ്പെട്ട് സ്ഥിരം ഹർജി നൽകിയിരുന്നു. കേസിലെ 16 കൂട്ടുപ്രതികളെ ജാമ്യത്തിൽ വിട്ടയച്ചതും കലാസ്‌കറിന് നീണ്ട തടങ്കൽ വിധിച്ചതും ന്യായരഹിതമാണെന്ന് പ്രതിഭാഗം വാദിച്ചു.

Trending :