ദേർ അൽ ബലാഹ്: ഗസ്സയിൽ ആശുപത്രി ലക്ഷ്യമിട്ട് വീണ്ടും ഇസ്രായേൽ ആക്രമണം. മുവാസിയിൽ കുവൈത്ത് ഫീൽഡ് ആശുപത്രിയിൽ ബോംബിട്ടതിനെതുടർന്ന് ആരോഗ്യപ്രവർത്തകൻ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വക്താവ് സാബിർ മുഹമ്മദ് പറഞ്ഞു. ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 17 ഫലസ്തീനികൾ കൊല്ലപ്പെടുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതോടെ ഇസ്രായേൽ വംശഹത്യയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 51,000 കടന്നു. 116,343 പേർക്കാണ് പരിക്കേറ്റത്. 18 മാസത്തിലേറെയായുള്ള ഇസ്രായേൽ വ്യോമാക്രമണത്തെതുടർന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ അഭയം തേടിയ ആശുപത്രിയിലാണ് ബോംബിട്ടത്. ഞായറാഴ്ച കനത്ത ആക്രമണത്തിൽ ഗസ്സ സിറ്റിയിലെ ഏക ആശുപത്രിയായ അൽ അഹ്ലി തകർത്തിരുന്നു. ഹമാസ് കമാൻഡ്, കൺട്രോൾ കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്നായിരുന്നു ഇസ്രായേൽ സേനയുടെ ന്യായീകരണം.