ഹമാസിനെ അനുകൂലിക്കുന്ന എൻ.ജി.ഒക്ക് ഫണ്ട് നൽകിയ ജോർജ് സോറോസിനെതിരെ വിമർശനവുമായി മസ്ക്

06:33 PM Jan 09, 2025 | Neha Nair

വാഷിങ്ടൺ : അമേരിക്കൻ ശതകോടീശ്വരനും ജീവകാരുണ്യ പ്രവർത്തകനുമായ ജോർജ് സോറോസിനെതിരെ വിമർശനവുമായി ടെസ്‍ല സി.ഇ.ഒ ​ഇലോൺ മസ്ക്. ഹമാസിനെ അനുകൂലിക്കുന്ന എൻ.ജി.ഒക്ക് സോറോസ് ഫണ്ട് നൽകിയെന്നാണ് മസ്കിന്റെ ആരോപണം. മനുഷ്യത്വം തന്നെ വെറുക്കുന്ന പ്രവർത്തിയാണ് സോറോസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇസ്രായേലിനെ സോറോസ് തള്ളിപ്പറഞ്ഞുവെന്നും മസ്ക് വ്യക്തമാക്കി.

യു.എന്നി​ലെ ഇസ്രായേൽ അംബാസിഡർ സോറോസ് ഹമാസിനെ അനുകൂലിക്കുന്ന എൻ.ജി.ഒക്ക് 15 മില്യൺ ഡോളർ ഫണ്ട് നൽകിയെന്ന ആരോപണം ഉയർത്തിയിരുന്നു. ഇത് ഏറ്റുപിടിച്ചാണ് മസ്ക് സോറോസിനെ വിമർശിച്ച് രംഗത്തെത്തുന്നത്.

ഇസ്രായേലിനെ തകർക്കണമെന്ന് ആഗ്രഹിക്കുന്നവർക്കാണ് സോറോസ് ഫണ്ട് നൽകിയത്. ഇത് നാണക്കേടാണ്. ഇതിൽ തനിക്ക് അദ്ഭുതമില്ലെന്ന് ഇസ്രായേൽ അംബാസിഡർ ഗിലാഡ് എർദാൻ പറഞ്ഞു. നേരത്തെ സോറോസിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസിഡൻഷ്യൽ മെഡൽ ​ഓഫ് ഫ്രീഡം സമ്മാനിച്ചിരുന്നു. ഇൗ തീരുമാനത്തേയും വിമർശിച്ച് മസ്ക് രംഗത്തെത്തിയിരുന്നു.

ബൈഡൻ സോറോസിന് മെഡൽ നൽകുന്നത് പരിഹാസ്യമെന്നായിരുന്നു മസ്കിന്റെ പ്രതികരണം. സോറോസ് അടുത്തിടെ ഇന്ത്യയിലും വിവാദനായകനായിരുന്നു. സോറോസിൽ നിന്ന് ഫണ്ട് സ്വീകരിച്ച സോണിയ ഗാന്ധി ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനം ബി.ജെ.പി ഉയർത്തിയതോടെയാണ് അമേരിക്കൻ വ്യവസായി ഇന്ത്യയിലും ചർച്ച വിഷയമായത്.