മുംബൈ : മൂന്നാമതും പെൺകുട്ടിക്ക് ജന്മം നൽകിയെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ മുംബൈയിൽ നിന്നും 500 കിലോ മീറ്റർ അകലെ പർഭാനി ജില്ലയിലാണ് സംഭവമുണ്ടായതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
കുണ്ഡലിക് ഉത്തം കാലെയാണ് ഭാര്യ മൈനയെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതി പ്രകാരം മൂന്നാമതും പെൺകുട്ടിക്ക് ജന്മം നൽകിയതുമായി ബന്ധപ്പെട്ട് കാലെയും മൈനയും തമ്മിൽ നിരന്തരമായി തർക്കമുണ്ടായിരുന്നു.
ഇതിനിടെ വ്യാഴാഴ്ച രാത്രിയും ഇതുസംബന്ധിച്ച് തർക്കമുണ്ടായി. തുടർന്ന് കാലെ മൈനയെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയോടിയ അവരെ അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് കൊലപാതക കുറ്റം ചുമത്തി കാലെയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.