നിര്‍മിത ബുദ്ധിയുടെ ദുരുപയോഗത്തിനെതിരേ പ്രതികരണവുമായി നടി ശ്രീലീല. എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ കാണുന്നത് വേദനാജനകവും വിനാശകരവുമാണെന്ന് ശ്രീലീല സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. എഐ ദുരുപയോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നടി അറിയിച്ചു.
'എഐ ഉപയോഗിച്ച് സൃഷ്ടിച്ച അസംബന്ധങ്ങളെ പിന്തുണയ്ക്കരുതെന്ന് ഞാന്‍ എല്ലാ സാമൂഹികമാധ്യമ ഉപയോക്താക്കളോടും അഭ്യര്‍ഥിക്കുകയാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും ദുരുപയോഗിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. എന്റെ അഭിപ്രായത്തില്‍, സാങ്കേതിക വിദ്യയുടെ പുരോഗതി ഉപയോഗിക്കേണ്ടത് ജീവിതം ലളിതമാക്കാനാണ്, സങ്കീര്‍ണ്ണമാക്കാനല്ല', ശ്രീലീല കുറിച്ചു.
'ഓരോ പെണ്‍കുട്ടിയും ഒരു മകളും കൊച്ചുമകളും സഹോദരിയും കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമാണ്. സുരക്ഷിതമായ സാഹചര്യത്തിലാണെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിനോദം പ്രദാനംചെയ്യുന്ന ഇന്‍ഡസ്ട്രിയുടെ ഭാഗമാവുന്നത്. എന്റെ തിരക്കിട്ട ജീവിതം കാരണം ഓണ്‍ലൈനില്‍ നടക്കുന്ന പല കാര്യങ്ങളും ഞാന്‍ അറിഞ്ഞിരുന്നില്ല. ഇത് ശ്രദ്ധയില്‍ കൊണ്ടുവന്നതിന് എന്റെ അഭ്യുദയകാംക്ഷികള്‍ക്ക് നന്ദി', അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ കാര്യങ്ങളെ സംയമനത്തോടെ സ്വീകരിച്ച്, എന്റെ ലോകത്തേക്ക് ഒതുങ്ങാറുണ്ടായിരുന്നു. പക്ഷേ, ഇത് വേദനാജനകവും വിനാശകരവുമാണ്. എന്റെ സഹപ്രവര്‍ത്തകര്‍ പലരും ഇതേ അവസ്ഥയിലൂടെ കടന്നുപോവുന്നതായി ഞാന്‍ മനസിലാക്കുന്നു. ഞാന്‍ സംസാരിക്കുന്നത് എല്ലാവര്‍ക്കുംവേണ്ടിയാണ്. പ്രേക്ഷകരില്‍ വിശ്വാസമര്‍പ്പിച്ച്, ആത്മാഭിമാനത്തോടേയും അന്തസ്സോടേയും ഞങ്ങള്‍ക്കൊപ്പം നില്ക്കാന് ഞാന്‍ അഭ്യര്‍ഥിക്കുന്നു', എന്നാണ് നടിയുടെ കുറിപ്പ് അവസാനിക്കുന്നത്.