കൊണ്ടോട്ടി: സ്വർണവില കുതിക്കുമ്പോൾ പഴയ സ്വർണത്തിനും മാറ്റുകൂടുന്നു. ബാങ്കുകൾവഴി തങ്കം ആവശ്യത്തിന് ലഭിക്കാതായതോടെപഴയ സ്വർണം വിൽക്കാനെത്തുന്നവരെ നന്നായി പ്രോത്സാഹിപ്പിക്കുകയാണ് ചെറുകിട ജൂവലറികൾ . വിപണി വില കുറയ്ക്കാതെ തന്നെയാണ് പലരും സ്വർണം വാങ്ങുന്നത്. നേരത്തേ സ്വർണാഭരണം വാങ്ങിയ ജൂവലറിയിൽത്തന്നെ തിരിച്ചുനൽകിയാൽ ഗ്രാമിന് 10 രൂപ മുതൽ രണ്ടുശതമാനം വരെ വില കുറച്ചാണ് എടുത്തിരുന്നത്.
അന്താരാഷ്ട്ര വിപണിയിൽ തങ്കത്തിന് ആവശ്യകത കൂടിയതോടെ വിപണിയിൽ ആവശ്യത്തിന് സ്വർണം ലഭിക്കുന്നില്ല. ജിഎസ്ടി അടക്കമുള്ള കടമ്പകൾകടന്ന് തങ്കം വാങ്ങുന്നതിനെക്കാൾ എളുപ്പത്തിൽ പഴയ സ്വർണംവാങ്ങി ഉരുക്കി തങ്കമാക്കാൻ കഴിയും. ഇതാണ് വ്യാപാരികളെ ഈ വഴിക്കുനീക്കുന്നത്.
ബുക്കിങ് കാലയളവിലെ കുറഞ്ഞ വിലയിൽ സ്വർണം നൽകാമെന്ന് ഉറപ്പുനൽകി ചെറിയ തുകയ്ക്ക് വലിയ അളവിൽ സ്വർണാഭരണം നൽകാമെന്നേറ്റ ജൂവലറിയുടമകൾ ഇപ്പോൾ ആശങ്കയിലാണ്. വാഗ്ദാനം പാലിക്കുമ്പോൾ വലിയ നഷ്ടമാണ് ഇവരെ കാത്തിരിക്കുന്നത്.
\