+

ഒറ്റ തവണ പണമടച്ചാല്‍ വര്‍ഷം മുഴുവന്‍ ടോള്‍ വേണ്ട, ഫാസ് ടാഗില്‍ വമ്പന്‍ നീക്കവുമായി കേന്ദ്രം, യാത്രകളെ മാറ്റി മറിക്കും, 7,000 രൂപവരെ ലാഭിക്കാം

ഹൈവേ യാത്രകളെ കൂടുതല്‍ എളുപ്പവും ചെലവുകുറഞ്ഞതുമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 3,000 രൂപയുടെ ഫാസ് അധിഷ്ഠിത വാര്‍ഷിക പാസ് പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: ഹൈവേ യാത്രകളെ കൂടുതല്‍ എളുപ്പവും ചെലവുകുറഞ്ഞതുമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 3,000 രൂപയുടെ ഫാസ് അധിഷ്ഠിത വാര്‍ഷിക പാസ് പ്രഖ്യാപിച്ചു. 2025 ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പദ്ധതി, സ്വകാര്യ, വാണിജ്യേതര വാഹനങ്ങളായ കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയ്ക്ക് മാത്രമാണ് ബാധകം. ഈ പാസിന്റെ സാധുത ഒരു വര്‍ഷമോ അല്ലെങ്കില്‍ 200 യാത്രകളോ ആണ്.

ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ മാത്രം ആണ് ഇത് ബാധകമാവുക. സംസ്ഥാന ഹൈവേകളിലോ മറ്റ് പ്രാദേശിക ടോളുകളിലോ ഈ പാസ് ഉപയോഗിക്കാനാവില്ല. ഇടയ്ക്കിടെയുള്ള ടോള്‍ പേയ്‌മെന്റുകള്‍ ഒഴിവാക്കി, ഒരു ടോള്‍ ക്രോസിംഗിന് ഏകദേശം 15 രൂപ എന്ന നിരക്കില്‍ യാത്ര ചെയ്യാം. ഇത് പതിവ് ഹൈവേ യാത്രക്കാര്‍ക്ക് വര്‍ഷം 7,000 രൂപ വരെ ലാഭിക്കാന്‍ സഹായിക്കും.

ഫാസ്ടാഗ് എന്നത് (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) സാങ്കേതികവിദ്യ ഉപയോഗിച്ച് ടോള്‍ പേയ്‌മെന്റുകള്‍ ഓട്ടോമാറ്റിക്കായി നടത്തുന്ന സംവിധാനമാണ്. വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്ന ഈ ടാഗ്, ടോള്‍ പ്ലാസകളില്‍ നിന്ന് പണം ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യുന്നു. പുതിയ വാര്‍ഷിക പാസ്, നിലവിലുള്ള FASTag സംവിധാനവുമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുക, അതിനാല്‍ പുതിയ ഉപകരണങ്ങളോ രേഖകളോ ആവശ്യമില്ല.

രാജ്മാര്‍ഗ് യാത്ര ആപ്പ്, NHAI (നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ), MoRTH (മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ്) എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി പാസ് ആക്ടിവേറ്റ് ചെയ്യാം. പേയ്‌മെന്റ് വിജയകരമായി പൂര്‍ത്തിയാക്കി 24 മണിക്കൂറിനുള്ളില്‍ പാസ് ആക്ടിവേറ്റ് ചെയ്യപ്പെടും.

നിലവില്‍ ഒരു ടോള്‍ പ്ലാസയില്‍ 50-100 രൂപ വരെ ഈടാക്കുമ്പോള്‍, ഈ പാസ് ഉപയോഗിച്ച് ഒരു യാത്രയ്ക്ക് ശരാശരി 15 രൂപ മാത്രം മതിയാകും. ടോള്‍ പ്ലാസകളിലെ ക്യൂവും കാത്തിരിപ്പും ഒഴിവാക്കാം. ഒറ്റത്തവണ പേയ്‌മെന്റ് വഴി ഒരു വര്‍ഷത്തേക്ക് ടോള്‍ പേയ്‌മെന്റ് ആശങ്കകള്‍ ഇല്ല. മാത്രമല്ല, 60 കിലോമീറ്ററിനുള്ളില്‍ ടോള്‍ പ്ലാസകള്‍ ഉള്ളതിനാല്‍ ഉണ്ടാകുന്ന പരാതികള്‍ ഈ പദ്ധതി പരിഹരിക്കുകയും ചെയ്യും.

ഒരു വര്‍ഷത്തിനുള്ളില്‍ 200 യാത്രകള്‍ പൂര്‍ത്തിയാകുകയാണെങ്കില്‍, പാസിന്റെ സാധുത അവസാനിക്കും. തുടര്‍ന്ന്, സാധാരണ പേ-പെര്‍-യൂസ് മോഡലിലേക്ക് മാറണം. വര്‍ഷത്തില്‍ 200-ല്‍ താഴെ യാത്രകള്‍ മാത്രം നടത്തുന്നവര്‍ക്ക് 3,000 രൂപയുടെ മുന്‍കൂര്‍ പേയ്‌മെന്റ് ചെലവേറിയതായി തോന്നിയേക്കാം.

കേന്ദ്രസര്‍ക്കാര്‍ ടോള്‍ ബൂത്തുകള്‍ പൂര്‍ണമായും ഒഴിവാക്കി, GPS, ANPR (ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍) എന്നിവ ഉപയോഗിച്ച് ബാരിയര്‍-ഫ്രീ ടോള്‍ ശേഖരണ സംവിധാനം നടപ്പാക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇത് യാത്രകളെ കൂടുതല്‍ തടസ്സരഹിതമാക്കും. കൂടാതെ, 100 കിലോമീറ്ററിന് 50 രൂപ എന്ന നിരക്കില്‍ ദൂരാധിഷ്ഠിത ടോള്‍ സംവിധാനവും പരിഗണനയിലാണ്, ഇത് ഇടയ്ക്കിടെ യാത്ര ചെയ്യാത്തവര്‍ക്ക് അനുയോജ്യമാണ്.

facebook twitter