കാമുകിക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്‌സില്‍; പുലര്‍ച്ചെ ഭാര്യയെത്തി പൂട്ടിയിട്ടു

07:23 AM Nov 05, 2025 | Suchithra Sivadas

കാമുകിക്കൊപ്പം കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലാണ് സംഭവം. മഴിയവാന്‍ സര്‍ക്കിള്‍ ഓഫീസര്‍ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ റാണി പൂട്ടിയിട്ടത്. തന്നെ തുറന്നുവിടണമെന്ന് വീട്ടിനുള്ളില്‍ നിന്ന് ഉദ്യോഗസ്ഥന്‍ ഭാര്യയോട് അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം.

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ശ്യാമയ്ക്ക് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് നവംബര്‍ ഒന്നിന് പുലര്‍ച്ചെ നാലരയോടെ ശ്യാമ റാണി ക്വാര്‍ട്ടേഴ്‌സിലെത്തിയത്. അപ്പോഴാണ് മറ്റൊരു യുവതിക്കൊപ്പം ഇയാളെ കണ്ടെത്തുന്നത്. പിന്നാലെ ബഹളമായി. പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മഴിയവാന്‍ പൊലീസ് സ്ഥലത്തെത്തി.

ഇതിനിടെ പ്രമോദ് മേല്‍ക്കൂരയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിസാര പരിക്കേറ്റു. വീടിനുള്ളില്‍ കണ്ടെത്തിയ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെ ഈ ബന്ധത്തെക്കുറിച്ച് വളരെക്കാലമായി തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ശ്യാമ റാണി മാധ്യമങ്ങളോട് പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.