കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കൊലചെയ്തത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചവറ വട്ടത്തറ കണിയാന്റയ്യത്ത് പരേതനായ ഉസ്മാന്റെ ഭാര്യ സുലേഖ ബീവി (63) ആണ് കൊല്ലപ്പെട്ടത്.
സുലേഖ ബീവിയുടെ മകള്‍ മുംതാസിന്റെ മകന്‍ വട്ടത്തറ ചായക്കാന്റയ്യത്ത് (കണിയാന്റയ്യത്ത്) ഷഹനാസ് (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സുലേഖ ബീവിയെ കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ കണ്ടെത്തിയത്.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണ കാരണം സംബന്ധിച്ചു വ്യക്തത വന്നതോടെ കൊലപാതകക്കുറ്റം ചുമത്തി ഷഹനാസിനെതിരെ കേസെടുക്കുകയായിരുന്നു.
മകള്‍ മുംതാസിനും മക്കള്‍ക്കും ഒപ്പമായിരുന്നു സുലേഖ ബീവി താമസിച്ചിരുന്നത്. മുംതാസ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ഇവര്‍ തിരികെ എത്തിയപ്പോഴാണ് സുലേഖ ബീവിയെ കാണാതായത്.
ഉച്ച തിരിഞ്ഞ് 3 മണിവരെ വീടിനു പുറത്ത് കണ്ടവരുണ്ട്. ഈ സമയം ഷഹനാസ് വീട്ടില്‍ ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ തടിച്ചു കൂടിയതോടെ വീട്ടില്‍ ഉണ്ടായിരുന്ന മുംതാസ് ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും സ്ഥലത്ത് എത്തിയ പൊലീസ് കതക് തുറന്ന് രക്ഷപ്പെടുത്തി.