കൊല്ലത്ത് വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ചെറുമകൻ

03:45 PM Dec 08, 2025 | Neha Nair

കൊല്ലം: ചവറയിൽ വയോധികയെ കൊലപ്പെടുത്തി ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വട്ടത്തറ ക്രസന്റ് മുക്ക് കണിയാന്റെയ്യത്ത് വീട്ടിൽ സുലേഖ ബീവിയാണ് (78) കൊല്ലപ്പെട്ടത്.

സംഭവത്തിൽ ചെറുമകൻ ഷാനവാസിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാനവാസിന്റെ മാതാവ് മുംതാസ് വിവാഹസൽക്കാരത്തിന് പോയ സമയത്തായിരുന്നു കൊലപാതകമെന്ന് പൊലീസ് സംശയം. മുംതാസിന്റെ സഹോദരൻ ഹുസൈൻ വീട്ടിലെത്തിയപ്പോൾ കതക് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

നാട്ടുകാരുടെ സഹായത്തോടെ കതക് പൊളിച്ച് അകത്ത് പ്രവേശിക്കുന്നതിനിടെ ഷാനവാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരും ഹുസൈനും ചേർന്ന് ഇയാളെ പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിൽ ബെഡ്‌ഷീറ്റിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ചവറ പൊലീസ് എത്തി ഷാനവാസിനെ കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് എത്തിയ മുംതാസ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തിരിപ്പിച്ചു. ഷാനവാസിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.