വഡോദര: ജൂലൈ 9-ന് ഗുജറാത്തിലെ വഡോദര ജില്ലയിലെ പാദ്ര താലൂക്കിലുള്ള ഗംഭിറ പാലം തകര്‍ന്നുവീണതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ബിജെപിക്ക് രൂക്ഷ വിമര്‍ശനം. ഗുജറാത്ത് ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്നാണ് വലിയ ദുരന്തമുണ്ടായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മഹിസാഗര്‍ നദിക്ക് കുറുകെയുള്ള ഈ പാലം മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്നതാണ്. പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയില്‍ വീണതിനെ തുടര്‍ന്ന് 13 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 1983-84 കാലഘട്ടത്തില്‍ നിര്‍മ്മിച്ച 40 വര്‍ഷം പഴക്കമുള്ള പാലത്തിന്റെ ഒരു സ്ലാബ് തകര്‍ന്നത് അപകടത്തിന് ഇടയാക്കി.
പാലം തകര്‍ന്നതോടെ അഞ്ചോളം വാഹനങ്ങള്‍, ട്രക്കുകളും വാനുകളും ഉള്‍പ്പെടെ, മഹിസാഗര്‍ നദിയിലേക്ക് വീണു. രാവിലെ ഏഴ് മണിയോടെ, വാഹന തിരക്കേറിയ സമയത്താണ് സംഭവം നടന്നത്.
പാലം പൊളിച്ചുമാറ്റണമെന്ന് നേരത്തെ നിര്‍ദ്ദേശമുയര്‍ന്നെങ്കിലും സര്‍ക്കാരിന്റെ മെല്ലപ്പോക്കാണ് ദുരന്തകാരണമായത്. 2022-ല്‍ ഒരു റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ്സ് ഉദ്യോഗസ്ഥന് ഈ പാലം ഒരു വര്‍ഷം പോലും നിലനില്‍ക്കില്ല എന്ന് പറഞ്ഞ ഒരു കോള്‍ റെക്കോര്‍ഡ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
2022-ല്‍ വഡോദര ജില്ലാ പഞ്ചായത്ത് അംഗം ഹര്ഷദ്സിന്ഹ് പര്‍മര്‍ ''പാലത്തില്‍ അസാധാരണമായ വൈബ്രേഷനുകള്‍'' ഉണ്ടെന്നും അത് ''അപകടകരമായ അവസ്ഥയില്‍'' ആണെന്നും റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ്സ് വകുപ്പിന് കത്തെഴുതിയിരുന്നു, പക്ഷേ നടപടിയുണ്ടായില്ല.
ഗുജറാത്തിലെ ബി.ജെ.പി. സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ''നികുതി അടയ്ക്കുന്ന പൊതുജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ പാലം കടക്കുമ്പോള്‍ ഭയം തോന്നുന്നു,'' എന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. പാലം തകരുമ്പോള്‍ ആര്‍ക്കും ആരേയും രാജിവെപ്പിക്കേണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
2025-ല്‍ പുതിയ പാലം നിര്‍മ്മിക്കാന്‍ 212 കോടി രൂപയുടെ പദ്ധതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ മൂന്ന് മാസം മുമ്പ് അനുമതി നല്‍കിയിരുന്നു, എങ്കിലും നിര്‍മ്മാണം ആരംഭിച്ചിരുന്നില്ല. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അങ്ക്ലേശ്വര്‍ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഈ പാലം മധ്യ ഗുജറാത്തിനെയും സൗരാഷ്ട്രയെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയായിരുന്നു. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ ടോള്‍ ഒഴിവാക്കാന്‍ ഹെവി ലോറികള്‍ ഈ പാലം ഉപയോഗിച്ചിരുന്നു, ഇത് പാലത്തിന്റെ ഘടനയെ ദുര്‍ബലമാക്കിയിരിക്കാം.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ റോഡ്സ് ആന്‍ഡ് ബില്‍ഡിങ്സ് വകുപ്പിനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.